india

നോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില്‍ പാവങ്ങളുടെ കടകള്‍ തകര്‍ത്തു

By webdesk18

June 10, 2026

പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് കടുത്ത അക്രമവും ഭീതിയും അഴിച്ചുവിടുന്നു. ഉത്തര്‍പ്രദേശിലെയും അസമിലെയും മാതൃകയില്‍ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ‘ബുള്‍ഡോസര്‍ രാഷ്ട്രീയ’മാണ് പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബംഗാളിലും അരങ്ങേറുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് കൊല്‍ക്കത്തയിലെ ജാദവ്പൂര്‍. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളോ മുന്‍കൂട്ടി നോട്ടീസോ നല്‍കാതെ ജാദവ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മുപ്പത്തിയഞ്ചോളം കടകളും താല്കാലിക നിര്‍മ്മിതികളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ പൂര്‍ണ്ണമായി തകര്‍ത്തു കളഞ്ഞു. ജീവിതോപാധി ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കപ്പെട്ടതോടെ നിരവധി സാധാരണക്കാരായ വ്യാപാരികളാണ് വഴിയാധാരമായത്. ‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

അര്‍ദ്ധരാത്രിയില്‍ കടകള്‍ പൊളിക്കുന്നത് തടയാനും പാവപ്പെട്ട കച്ചവടക്കാര്‍ക്ക് സംരക്ഷണം നല്‍കാനുമായി സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളെയും സുവേന്ദു അധികാരിയുടെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. പ്രതിഷേധിച്ച ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും പോലീസ് കടുത്ത ലാത്തിച്ചാര്‍ജ്ജ് നടത്തി. ക്രൂരമായ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി, അധികാരം കിട്ടിയ ഉടന്‍ തന്നെ ജനങ്ങളുടെ നെഞ്ചിലേക്ക് ബുള്‍ഡോസറുകള്‍ കയറ്റിയിറക്കുന്ന ക്രൂരതയാണ് ബംഗാളില്‍ നടക്കുന്നത്. ജാദവ്പൂരിലെ ഈ ഏകപക്ഷീയമായ ഒഴിപ്പിക്കല്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുവേന്ദു അധികാരിയുടെ ഫാസിസ്റ്റ് ഭരണരീതിയുടെ തെളിവാണെന്നും വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.