kerala

വ്യായാമത്തിന് ആരും എതിരല്ല, സംശയം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി

By webdesk18

June 29, 2025

വ്യായാമത്തിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ആരും എതിരല്ലെന്നും എന്നാൽ സംശയങ്ങൾ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ സൂംബ ഡാൻസ് നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ചർച്ച ചെയ്തിട്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോൾ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. സംശയം തീർത്താൽ മതി. സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനകളെ തീവ്രവാദികളാക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.