film

കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’

By webdesk17

March 04, 2026

മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.

കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.