india

രാത്രികളില്‍ പബ്ബുകൾ വേണ്ട; പബ്ബുകൾക്കെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും

By webdesk13

March 03, 2025

രാത്രികാലങ്ങളില്‍ പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രാത്രി വൈകി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്. വിജയ് നഗര്‍ സ്‌ക്വയറില്‍ രാത്രി വൈകിയും പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ പൊലീസ് സേനയെ വിന്യസിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3 പൊലീസ് സ്‌റ്റേഷനുകളിലെ ഓഫീസര്‍മാര്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം രൂക്ഷമാകുന്നത് തടയാന്‍ സുരക്ഷാ സേന ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

അതേസമയം വിജയ് നഗറിലെ കാളി ക്ഷേത്രത്തില്‍ നടന്ന ഭജന്‍ സന്ധ്യ പരിപാടി ഔദ്യോഗിക നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാല്‍ പൊലീസ് തടഞ്ഞെന്നും തുടര്‍ന്ന് പ്രതിഷേധം ഉണ്ടാവുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണം ഭക്തര്‍ക്കും ക്ഷേത്ര പുരോഹിതന്മാര്‍ക്കും ഇടയില്‍ അതൃപ്തി ഉണ്ടാക്കുകയും അവര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പബ്ബുകളും പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയായിരുന്നു.

പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു, മതപരമായ ആചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും എന്നാല്‍ രാത്രിയിലെ വിനോദ പരിപാടികള്‍ നടത്താന്‍ അനുമതി നല്കുന്നുവെന്നുമാണ് അവരുടെ പരാതി. തുടര്‍ന്ന് ചില പ്രതിഷേധക്കാര്‍ നിശാക്ലബ് വേദികള്‍ക്ക് പുറത്ത് പ്രകടനം നടത്തി. അവര്‍ അനുയായികളെ ഫോണില്‍ വിളിച്ച് വരുത്തുകയും പബ്ബുകള്‍ അടച്ച് പൂട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാര്‍ റോഡില്‍ ഇരുന്ന് ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.

പൊലീസ് ഉത്തരവുകളെ അപലപിച്ച ക്ഷേത്ര പൂജാരി രാഹുല്‍ യാദവ്, ഭജന്‍ സന്ധ്യ നിര്‍ത്തിവച്ചപ്പോള്‍ പബ്ബുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു എന്ന് പരാതിപ്പെട്ടു. മതനേതാക്കള്‍, പുരോഹിതന്മാര്‍, കര്‍ണി സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിച്ചു. പ്രതിഷേധ പരിപാടികള്‍ക്ക് പുറമേ, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊലീസിന് ഒരു മെമ്മോറാണ്ടം നല്‍കാനും ഹിന്ദുത്വ സംഘടനകള്‍ തീരുമാനിച്ചു.