News

ഇറാനുമായി ചർച്ചയില്ല; പ്രക്ഷോഭം തുടരാൻ ആഹ്വാനം ചെയ്ത് ട്രംപ്

By sreenitha

January 13, 2026

വാഷിങ്ടൺ: ഇറാനുമായി നിലവിൽ ചർച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി ട്രംപ് വ്യക്തമാക്കി. ഇറാൻ ജനത പ്രക്ഷോഭം തുടരണമെന്നും പ്രക്ഷോഭകർക്ക് യുഎസ് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രൂത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരം ചർച്ചയ്ക്കുള്ള സാധ്യതകൾ പരിഗണിക്കുകയാണെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, പുതിയ പ്രസ്താവനയിൽ നിലപാട് കടുപ്പിച്ചു.

“ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരുക. നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കുക. സഹായം വരുന്നു. കൊലപാതകികളും അതിക്രമം നടത്തുന്നവരും വലിയ വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നത് വരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കുള്ള സഹായം ഉടനുണ്ടാകും” എന്നാണ് ട്രംപ് കുറിച്ചത്. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്ന തന്റെ പ്രചാരണ മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ‘ഇറാനെ വീണ്ടും മഹത്തരമാക്കൂ’ എന്നും അദ്ദേഹം കുറിച്ചു. എന്നാൽ “സഹായം” എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം, ട്രംപിന്റെ പുതിയ പ്രസ്താവനയ്‌ക്ക് ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. എന്നാൽ, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഏതുതരം ആക്രമണങ്ങളെയും നേരിടാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ഇറാനിലെ പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രതിഷേധക്കാരുടെയും സുരക്ഷാ സേനയുടെയും മരണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇറാനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ വ്യാപാരികൾ കടകൾ അടച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യവ്യാപകമായി വ്യാപിച്ചു. ജീവിതച്ചെലവ് കുതിച്ചുയരുന്നതും കടുത്ത വിലക്കയറ്റവും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം ശക്തまり. സുരക്ഷാ സേനയുമായി സംഘർഷവും വെടിവെപ്പും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തുടര്‍ന്ന് അധികൃതര്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.