ഫൈസല്‍ മാടായി

കണ്ണൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുമ്പോഴും പരിശോധനക്ക് ഓടിയെത്താനാകാതെ ഉദ്യോഗസ്ഥര്‍ വിയര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ വ്യാപകമാകുമ്പോഴാണ് പരിശോധനയുമായി ബന്ധപ്പെട്ട് യാത്ര പോകാന്‍ വാഹനങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വലയുന്നത്.
സര്‍ക്കിള്‍ തല പരിധിയിലെ പരിശോധനകള്‍ക്ക് സ്വന്തമായി വാഹനമില്ലെന്ന അവസ്ഥയാണ് പലയിടത്തും.

ഒരു നിയമസഭാ മണ്ഡലത്തെ സര്‍ക്കിളായി കണക്കാക്കി 140 സര്‍ക്കിളുകളിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യാലയങ്ങളുടെ പ്രവര്‍ത്തനം. ജനസംഖ്യക്ക് അനുസൃതമായി നാല് സര്‍ക്കിളുകള്‍ കൂടുതലായി രൂപീകരിച്ചിട്ടുണ്ട്.
നിലവില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരും ജീവനക്കാരും ആവശ്യത്തിന് ഉണ്ടെങ്കിലും വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന വേണ്ടവിധം നടക്കാത്ത സ്ഥിതിയാണ്. വാടകയ്ക്കാണ് വാഹനങ്ങള്‍ ഓടുന്നത്. ജില്ലകള്‍ കേന്ദ്രീകരിച്ച് ഒന്നോ രണ്ടോ വാഹനങ്ങള്‍ ഇങ്ങിനെ ഓടുന്നുണ്ട്. വാടകയ്ക്ക് വിളിക്കുന്ന വാഹനങ്ങളുടെ തുക യഥാസമയം നല്‍കാനാകാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നു.

വാടക തുക വൈകുന്നതിനാല്‍ ഒരിക്കല്‍ ഓടിയ വാഹനം പിന്നീട് ഓട്ടത്തിന് തയ്യാറാകാറുമില്ല. സംഘടനാ തലത്തിലും മേല്‍ ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിട്ടും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് വാഹനങ്ങള്‍ അനുവദിക്കാതിരിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന മറുപടി.
വിരമിക്കാന്‍ നാല് വര്‍ഷം മാത്രം ശേഷിക്കുന്ന ഫുഡ് ഇന്‍സ്‌പെക്ടറുടെ വാക്കുകളും ദയനീയത വെളിവാക്കുന്നതായിരുന്നു. ഭക്ഷ്യവസ്തുക്കളിലെ മായവുമായി ബന്ധപ്പെട്ടും പഴകിയ ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട ദൈനംദിന പരാതികള്‍ ലഭിക്കുമ്പോഴും സ്വന്തമായി വാഹനമില്ലാത്തതാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ വിപണി കീഴടക്കുമ്പോഴും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് എത്താനാകാത്ത അവസ്ഥയാണ്. കേരഫെഡ് കഴിഞ്ഞ മാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണ 240 രൂപയ്ക്കു വില്‍പ്പന നടത്തിയിടത്ത് വ്യാജ വെളിച്ചെണ്ണ 160 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘന പ്രവര്‍ത്തനങ്ങളും വ്യാപകമാകുമ്പോള്‍ യഥാസമയം ഇടപെടാനാകാത്തതിന്റെ പോരായ്മകള്‍ക്കുമാണ് സ്വന്തമായി വാഹനമില്ലാത്ത കുറവ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നത്.