News

സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്; ട്രംപിന് ലഭിക്കുമോ?

By webdesk17

October 10, 2025

സ്റ്റോക്ക്ഹോം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് നടത്തിയ അവകാശവാദങ്ങളാണ് ഇത്തവണത്തെ പ്രഖ്യാപനത്തെ പ്രത്യേകമായി ശ്രദ്ധേയമാക്കുന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് നൊബേല്‍ പുരസ്‌കാര സമിതി വിജയിയെ പ്രഖ്യാപിക്കും. ഇത്തവണ 338 നാമനിര്‍ദേശങ്ങളാണ് സമാധാന നൊബേലിനായി ലഭിച്ചതെന്ന് കമ്മിറ്റി അറിയിച്ചു. അഞ്ച് അംഗങ്ങളുള്ള നൊബേല്‍ കമ്മിറ്റി കഴിഞ്ഞ ആഴ്ചതന്നെ അന്തിമ തീരുമാനമെടുത്തതായി അറിയുന്നു.

ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ ”ഏഴ് യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചുവെന്നും നൊബേലിന് അര്‍ഹനാണെന്നും” ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. ഗാസയില്‍ ഇസ്രായേല്‍ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറും, ഇന്ത്യപാകിസ്ഥാന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചതുമാണ് അദ്ദേഹം പ്രധാനമായി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, വിദേശനയ ഇടപെടലുകളെ സ്വകാര്യ നേട്ടമായി അവതരിപ്പിക്കുന്ന ട്രംപിന്റെ സമീപനം, കൂടാതെ ലോകാരോഗ്യസംഘടനയേയും കാലാവസ്ഥാ വിഷയങ്ങളേയും അവഗണിക്കുന്ന നയങ്ങള്‍, അദ്ദേഹത്തിന്റെ സാധ്യതകള്‍ കുറയ്ക്കാമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഇതുവരെ തിയഡോര്‍ റൂസ്വെല്‍റ്റ് (1906), വുഡ്രോ വില്‍സണ്‍ (1919), ജിമ്മി കാര്‍ട്ടര്‍ (2002), ബരാക് ഒബാമ (2009) എന്നിവരാണ് സമാധാന നൊബേല്‍ ജേതാക്കള്‍.

ഈ വര്‍ഷം നാമനിര്‍ദേശമായിട്ടുള്ളവര്‍ എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാലംചെയ്ത പോപ്പ് ഫ്രാന്‍സിസ്, ജയിലില്‍ക്കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഇലോണ്‍ മസ്‌ക്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, മരണപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നയ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.