kerala

കുടിശ്ശിക കിട്ടുന്നില്ല; സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ സമരത്തിലേക്ക്‌

By webdesk13

October 02, 2023

സര്‍ക്കാര്‍ പദ്ധതികളുടെ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കരാറുകാര്‍ സമരത്തിലേക്ക്. വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ 16 മാസത്തെ കുടിശ്ശികയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്.

പണി പൂര്‍ത്തിയായാലും ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനമെടുക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. നാളെ കോഴിക്കോട് മാനാഞ്ചിറ സബ് ട്രഷറി ഓഫീസിനു മുന്നില്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും.

സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി പി.ഡബ്ല്യു.ഡി, എല്‍.എസ്.ജി.ഡി, കെ.ഡബ്ല്യു.എ ഗവണ്‍മെന്റ് കരാറുകാര്‍ക്ക് കോടികളുടെ കുടിശ്ശികയാണുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ എല്‍.എസ്.ജി.ഡിയില്‍ പൂര്‍ത്തീകരിച്ച കരാറുകാരുടെ ബില്ലുകള്‍ ഇപ്പോഴും ട്രഷറിയില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പരാതി. കേരള വാട്ടര്‍ അതോറിറ്റിയില്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ കൊടുത്തു തീര്‍ക്കാനുള്ളത് 16 മാസത്തെ കുടിശ്ശിക.

കിഫ്ബി പ്രവര്‍ത്തികള്‍ ഏറ്റെടുത്തവര്‍ക്കും 2 വര്‍ഷം മുന്‍പുള്ള കുടിശ്ശിക കൊടുത്തുതീര്‍ത്തിട്ടില്ലെന്ന് കരാറുകള്‍ പറയുന്നു. ഇതോടെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഗവണ്‍മെന്റ് കരാറുകാരുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത് വൈകാന്‍ കാരണം എന്ന് വിശദീകരണം കരാറുകാര്‍ തള്ളുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രതിസന്ധിക്ക് കാരണമാകുന്നതാണ് ഇവരുടെ ആരോപണം.