More

ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക

By chandrika

September 04, 2017

വാഷിംഗ്ടണ്‍: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നു പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസും പ്രതികരിച്ചു. ഉത്തരകൊറിയ ആറാം തവണയും അണുവായുധം പരീക്ഷിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

ആണവ പരീക്ഷണം നടത്തി നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയുമായി ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയയുമായി ഇടപാടുകളുള്ള രാജ്യങ്ങളുമായുള്ള എല്ലാ തരത്തിലുമുള്ള വാണിജ്യ ബന്ധവും അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെയിംസ് മാറ്റിസ് സൈനിക നടപടിക്ക് മടിക്കില്ലെന്ന് തുറന്ന് പറഞ്ഞത്. ഗുവാം അടക്കമുള്ള അമേരിക്കയുടെ ഏതെങ്കിലും പ്രദേശത്തോ അല്ലെങ്കില്‍ ജപ്പാനും ദക്ഷിണ കൊറിയയും അടങ്ങുന്ന പങ്കാളികള്‍ക്ക് നേരെയോ ഉള്ള ഏത് ഭീഷണിയെയും ശക്തമായ സൈനിക നടപടിയിലൂടെ പ്രതിരോധിക്കും. അമേരിക്കയുടെ പ്രതികരണം ഉത്തരകൊറിയക്ക് തടുക്കാന്‍ കഴിയാത്തതും കടുത്തതുമായിരിക്കുമെന്നും മാറ്റിസ് മുന്നറിയിപ്പ് നല്‍കി.