Film

ഡിജിറ്റൽ വെല്ലുവിളിക്ക് മറുപടിയായി നൊസ്റ്റാൾജിയ: പഴയ സൂപ്പർഹിറ്റുകളിലൂടെ തിയറ്ററുകൾക്ക് പുതുജീവൻ

By webdesk18

December 21, 2025

മുംബൈ: നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ വളർച്ച തിയറ്റർ വ്യവസായത്തിന് കടുത്ത വെല്ലുവിളിയായിരിക്കെ, പ്രതിസന്ധി മറികടക്കാൻ പുതിയ വഴിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് തിയറ്ററുകൾ. ഒരു കാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ പഴയ സിനിമകൾ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് മൾട്ടിപ്ലക്സ് ശൃംഖലകളുടെ പുതിയ രക്ഷാകവചം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വീണ്ടും റിലീസ് ചെയ്ത പഴയ സിനിമകളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. പഴയ ചിത്രങ്ങൾക്ക് ലഭിക്കുന്ന ശക്തമായ ഡിമാൻഡ് കണക്കിലെടുത്ത്, പുനർപ്രദർശനങ്ങൾക്കായി പ്രത്യേക ഡിപാർട്ട്മെന്റ് തുടങ്ങാനുള്ള പദ്ധതിയിലാണ് പി.വി.ആർ ഐനോക്സ്, സിനിപോളിസ് തുടങ്ങിയ രാജ്യത്തെ മുൻനിര മൾട്ടിപ്ലക്സ് കമ്പനികൾ.

ഈ വർഷം മാത്രം 200ലധികം പഴയ സിനിമകളാണ് പി.വി.ആർ ഐനോക്സ് വീണ്ടും റിലീസ് ചെയ്തത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ നാല് ശതമാനം പഴയ സിനിമകളുടെ റീറിലീസിംഗിലൂടെ ലഭിക്കുന്നതാണെന്ന് പി.വി.ആർ ഐനോക്സിന്റെ മുതിർന്ന സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജലി വ്യക്തമാക്കി. കഴിഞ്ഞ വർഷം 150 സിനിമകളാണ് പുനർപ്രദർശിപ്പിച്ചിരുന്നത്. അടുത്ത വർഷം ഇതിലും കൂടുതൽ പഴയ സിനിമകൾ തിയറ്ററുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

സിനിപോളിസിലും ഒരു വർഷത്തിനിടെ പഴയ സിനിമകളുടെ പ്രദർശനത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം 40 സിനിമകളാണ് സിനിപോളിസ് വീണ്ടും തിയറ്ററുകളിലെത്തിച്ചത്. പഴയ സിനിമകൾ മൂലം പ്രേക്ഷകസംഖ്യ വർധിച്ചതിനൊപ്പം സ്ക്രീനിങ് വരുമാനവും ഉയർന്നതായി സിനിപോളിസിന്റെ എം.ഡി ദേവാങ്ക് സമ്പത് പറഞ്ഞു. പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന തന്ത്രം വിജയിച്ചതോടെ കൂടുതൽ സൂപ്പർഹിറ്റ് സിനിമകൾ റീറിലീസ് ചെയ്യാൻ പ്രമുഖ സ്റ്റുഡിയോകളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരെ വർഷങ്ങളോളം ആവേശത്തിലാക്കിയ ഷോലേ സിനിമ എത്രയും വേഗം വീണ്ടും റിലീസ് ചെയ്യാനാണ് സിനിപോളിസിന്റെ അടുത്ത പദ്ധതി. 30ഓളം പഴയ സിനിമകൾ ഇതിനകം പുനർപ്രദർശനത്തിന് തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ 3.5 ശതമാനം വരുമാനം പഴയ സിനിമകളിൽനിന്ന് പ്രതീക്ഷിക്കുന്നതായും സമ്പത് പറഞ്ഞു.

ഓർമാക്സ് മീഡിയ തയ്യാറാക്കിയ ഇന്ത്യ ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ തിയറ്ററുകളുടെ മൊത്തം വരുമാനം ഇടിവിലാണ്. 2023ൽ 12,226 കോടി രൂപയായിരുന്ന തിയറ്റർ വരുമാനം കഴിഞ്ഞ വർഷം 11,833 കോടി രൂപയായി കുറഞ്ഞു. ഹിന്ദി സിനിമകളിൽനിന്നുള്ള വരുമാനം 5,380 കോടി രൂപയിൽനിന്ന് 4,679 കോടി രൂപയായും താഴ്ന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വെള്ളിത്തിരയുടെ രക്ഷകരായി പഴയ സൂപ്പർഹിറ്റുകൾ മാറുന്നത്.

സിനിപോളിസിന്റെ പുനർ റിലീസിങ്ങിൽ ഏറ്റവും വലിയ വിജയം നേടിയ സനം തേരി കസം സിനിമ കാണാൻ മൂന്ന് ലക്ഷം പേരാണ് തിയറ്ററുകളിലെത്തിയത്. റോക്സ്റ്റാർ അടക്കമുള്ള നിരവധി സിനിമകളുടെ റീറിലീസ് പി.വി.ആർ ഐനോക്സിന് ലക്ഷക്കണക്കിന് രൂപയുടെ അധിക വരുമാനം സമ്മാനിച്ചു.

നൊസ്റ്റാൾജിയയ്ക്ക് പുറമേ, സ്ഥിരമായി തിയറ്ററിൽ പോകുന്ന പ്രേക്ഷകർക്ക് കാണാൻ പുതിയ സിനിമകളുടെ കുറവുണ്ടെന്നതും പുനർ റിലീസിങ് കൂടുതൽ വിജയകരമാക്കുന്നതായി, എച്ച്.ബി.ഒ, വാർണർ ബ്രദേഴ്‌സ് തുടങ്ങിയ കമ്പനികൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്ന ദിസ്മാൾബിഗ്ഐഡിയ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഹരികൃഷ്ണൻ പിള്ള അഭിപ്രായപ്പെട്ടു.