ശബരിമലയിലെ ആചാരങ്ങളെ തള്ളിപ്പറയുകയും അയ്യന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ ദേവസ്വം സ്വത്തുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയും ചെയ്ത പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തന്‍മാരെ മാത്രമല്ല, വിശ്വാസി സമൂഹത്തെ ഒന്നടങ്കം വെല്ലുവിളിച്ചും പരിഹസിച്ചും മുന്നോട്ടു പോവുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഷയങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സന്നിധാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് എല്ലാ സംരക്ഷണം ഒരുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള സര്‍ക്കാറിലെയും സി.പി.എമ്മിലെയും പ്രമുഖരിലേക്ക് നീങ്ങുകയുമാണെങ്കില്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ ദേവസ്വംഫണ്ട് അടിച്ചുമാറ്റിയതിന്റെ കണക്കുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാകട്ടേ പരമോന്നത നീതിപീഠത്തിനുമുന്നില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ചുകൊണ്ട് വിശ്വാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ആഗോള അയ്യപ്പസംഗമത്തില്‍ വന്‍തോതിലുള്ള അഴിമതിക്കും ധൂര്‍ത്തിനും പുറമെ അനധികൃതമായി പണംചെലവഴിച്ചെന്നുമുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം പമ്പയില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി താമസിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 1,11,365 രൂപയാണ് കട്ടിലിനും ബെഡിനും ചെലവായത്. ഇടനാഴിയില്‍ 15,930 രൂപയുടെ ചുവന്ന പരവതാനിയും വിരിച്ചു. അതിഥികള്‍ക്ക് മുറിയൊരുക്കാന്‍ കുമരകത്തും മൂന്നാറിലും കോട്ടയത്തുമായി ചിലവിട്ടത് 37 ലക്ഷം രൂപയായിരുന്നു. അങ്ങിനെയങ്ങിനെ ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയാത്ത അഴിമതിയുടെയും ധൂര്‍ത്തിന്റെയും മഹാമേളയാക്കി സംഗമത്തെ മാറ്റുകയും കള്ളക്കണക്കുകള്‍ ജനങ്ങളുടെ മുന്നില്‍ എത്തുകയും ചെയ്തപ്പോള്‍ എല്ലാം ദേവസ്വം ബോര്‍ഡിന്റെ തലയിലിട്ട് കൈകകഴുകാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ ന്യായീകരണവുമായി വന്ന ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ വിചിത്രവും സാമാന്യബുദ്ധിക്ക് നിരക്കാത്ത തരത്തിലുള്ളതുമായിരുന്നു. ഓഡിറ്റര്‍ക്ക് പിഴച്ചതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നുമായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. അയ്യപ്പ സംഗമത്തിന്റെ റിപ്പോര്‍ട്ട് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ അക്കമിട്ട് നിരത്തിയതോടെയാണ് ബോര്‍ഡും വകുപ്പും സര്‍ക്കാറുമെല്ലാം ഒരുപോലെ വെള്ളംകുടിച്ചത്. അതിനിടെ അയ്യപ്പ സംഗമത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും നടന്നത് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കള്ളക്കളികള്‍ മറനീക്കി പുറത്തുവരികയായിരുന്നു. 2025 ജൂലൈ 31ന് ആണ് അഖിലലോക അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മന്ത്രി വാസവന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ആദ്യ യോഗം ചേര്‍ന്നതെന്നും ഈ യോഗത്തിലാണ് സംഗമത്തിന് ഔപചാരികമായി രൂപം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.
ഈ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് ശബരിമല യുവതി പ്രവേശനത്തില്‍ മാര്‍ച്ച് 14 ന് മുന്‍പ് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി മുമ്പ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. യുവതീ പ്രവേശനം ആകാമെന്നും ഇത് തുല്യനീതിയെന്നുമാണ് നേരത്തേ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലുള്ളത്. 2006 ലാണ് ശബരിമലയില്‍ യുവതിപ്രവേശം വിലക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജിയെത്തിയത്. എന്നാല്‍ 2007 ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്ത്രീപ്രവേശത്തിന് അനുകുല നിലപാടുമായി സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയിരുന്നത്. 2016 ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനുമുന്‍പാകെ കേസെത്തിയത്. അപ്പോഴേക്കും കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും യുവതി പ്രവേശം വേണ്ടെന്ന നിലപാടെടുക്കുകയും ചെയ്തു. കേസ് 2018 ല്‍ ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോഴേക്കും സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി പിണറായി സര്‍ക്കാറെത്തുകയും യുവതിപ്രവേശത്തെ ശക്തമായി അനുകൂലിക്കുകയുംചെയ്യുകയായിരുന്നു. ഈ സന്നിഗ്ധഘട്ട ത്തില്‍പോലും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാര്‍ ഇപ്പോഴും ആചാര ലംഘനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്. തീര്‍ത്തും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യത്തില്‍ നടത്തിയിട്ടുള്ള അയ്യപ്പ സംഗമത്തിന്റെ വിജയത്തിന് വേണ്ടി സാമുദായിക സംഘടനകള്‍ക്ക് നല്‍കിയ വാക്കുമാത്രമാണ് അവര്‍ തിരിച്ചടിയായി കാണു ന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഏതായാലും ശബരിമലയോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനം ഒന്നൊന്നായി തുറന്നുകാണിക്കപ്പെടുകയാണ്.