News

കുഞ്ഞിനെ പോലും വിട്ടില്ല; ഓപ്പറേഷന്‍ മെട്രോ സര്‍ജില്‍ മിനിയാപൊളിസ് തെരുവുകള്‍ കത്തുന്നു

By webdesk18

January 25, 2026

മിനിയാപൊളിസ്: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ‘ഓപ്പറേഷന്‍ മെട്രോ സര്‍ജ്’ നടപടികള്‍ ശക്തമാകുന്നതിനിടെ, രണ്ട് വയസുകാരിയെ കസ്റ്റഡിയിലെടുത്ത സംഭവം വലിയ വിവാദമായി മാറി. വ്യാഴാഴ്ച മിനിയാപൊളിസില്‍ വെച്ച് എല്‍വിസ് ജോയല്‍ ടിപ്പാന്‍ എന്ന യുവാവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള മകള്‍ ക്ലോയി റെനാറ്റയെയും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.

പിതാവും മകളും പലചരക്ക് കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫെഡറല്‍ ഏജന്റുകള്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടിയത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്ന് മിനിയാപൊളിസ് സിറ്റി കൗണ്‍സില്‍ അംഗം ജേസണ്‍ ചാവേസ് ആരോപിച്ചു. കുട്ടിയെ ഉടന്‍ വിട്ടയക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും ഇരുവരെയും ടെക്‌സസിലേക്ക് വിമാനമാര്‍ഗം മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, എല്‍വിസ് ജോയല്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചയാളാണെന്നും, അറസ്റ്റ് നിയമാനുസൃതമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി. കുട്ടിയെ ഏറ്റെടുക്കാന്‍ മാതാവ് തയ്യാറായില്ലെന്നും വകുപ്പ് അവകാശപ്പെട്ടു. അറസ്റ്റിനെതിരെ നൂറിലധികം ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും, ചിലര്‍ ഏജന്റുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.

സമീപ ആഴ്ചകളില്‍ ഐസിഇ കസ്റ്റഡിയിലെടുക്കുന്ന അഞ്ചാമത്തെ കുട്ടിയാണ് ക്ലോയി. കഴിഞ്ഞ ദിവസം പ്രീ-സ്‌കൂളില്‍ നിന്ന് മടങ്ങിയ അഞ്ച് വയസ്സുകാരനെ പിതാവിനൊപ്പം കസ്റ്റഡിയിലെടുത്തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വീടിന്റെ വാതിലില്‍ മുട്ടാന്‍ കുട്ടിയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ മറ്റുള്ളവരെ പുറത്തേക്കിറക്കാന്‍ ശ്രമിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.

2025 ഡിസംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ മെട്രോ സര്‍ജ് കുടിയേറ്റക്കാരെ കണ്ടെത്താനും പിടികൂടാനുമുള്ള വലിയ തോതിലുള്ള ഫെഡറല്‍ നടപടിയാണ് ‘ ഓപ്പറേഷന്‍ മെട്രോ സര്‍ജ്’. ആഴ്ചയില്‍ ഏകദേശം 1.8 കോടി ഡോളര്‍ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മിനസോട്ടയിലെ മിനിയാപൊളിസ്‌സെന്റ് പോള്‍ മേഖലയില്‍ 3000-ത്തിലധികം ഏജന്റുകളെ വിന്യസിച്ച് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.