മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ അവസാനിച്ചതോടെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് കടുത്ത വിമര്‍ശനത്തിന് വിധേയമായി. ബൗളര്‍മാര്‍ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്‍വ സംഭവമായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 152 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 110 റണ്‍സില്‍ തന്നെ എല്ലാം അവസാനിച്ചു. ഓസീസ് ബൗളര്‍മാരില്‍ നെസര്‍ നാലും ബോളണ്ട് മൂന്നും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 132 റണ്‍സില്‍ ഓള്‍ഔട്ടായി. പിച്ചിലെ ഏകദേശം 10 മില്ലീമീറ്റര്‍ നീളമുള്ള പുല്ലാണ് പേസര്‍മാര്‍ക്ക് തീക്കാറ്റായതെന്ന് വിലയിരുത്തല്‍.
മുന്‍പ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതേ വിക്കറ്റില്‍ ഇന്ത്യക്കെതിരെ അഞ്ചാം ദിനം വരെ മത്സരം നീണ്ടിരുന്നു. എന്നാല്‍ ക്യൂറേറ്റര്‍ മാറ്റ് പേജ് മൂന്ന് മില്ലീമീറ്റര്‍ അധിക പുല്ല് നിലനിര്‍ത്തിയതാണ് ബാറ്റര്‍മാരുടെ താളം തെറ്റിച്ചത്. ബൗളര്‍മാര്‍ക്ക് മാത്രമായി വിക്കറ്റ് ഒരുക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത് പറഞ്ഞു.
ഇത്തരം പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഭിപ്രായപ്പെട്ടു. 1909ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീഴുന്നത്. അതും 116 വര്‍ഷം മുന്‍പ് സംഭവിച്ചത് ഇതേ മെല്‍ബണിലായിരുന്നു എന്നതും ശ്രദ്ധേയം. ഈ പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം 19 വിക്കറ്റ് വീണതും ചര്‍ച്ചയായിരുന്നു.
175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയ 152 & 132, ഇംഗ്ലണ്ട് 110 & 178/6 എന്നതാണ് സ്‌കോര്‍ നില.മുന്‍പ് ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നിലവില്‍ പരമ്പരയില്‍ ഓസ്‌ട്രേലിയ 31ന് മുന്നിലാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി നാലിന് സിഡ്‌നിയില്‍ ആരംഭിക്കും.