ഗുര്‍ഗൗണ്‍: രാജ്യത്തെ നോട്ട് പിന്‍വലിക്കലിന്റെ വേദനയും നിസ്സഹായതയും അറിയണമെങ്കില്‍ ഈ ഒരൊറ്റ ചിത്രം കണ്ടാല്‍ മതി. അതിര്‍ത്തിയില്‍ ഏറെ കാലം രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന ഒരു സൈനികന്റെ ചിത്രമാണിത്. പെന്‍ഷനുവേണ്ടി ദിവസങ്ങളോളം ബാങ്കിനുമുന്നില്‍ വരിനിന്നിട്ടും പണം ലഭിച്ചില്ല. ദിവസങ്ങളോളം പണം കിട്ടാതെ വന്നപ്പോള്‍ ബാങ്കിനുമുന്നില്‍ വന്ന് പൊട്ടിക്കരയുകയാണ് ഈ സൈനികന്‍. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച പൊട്ടിക്കരയുന്ന വിമുക്തഭടന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയിലും വൈറലായിക്കഴിഞ്ഞു. 78കാരനായ നന്ദന്‍ ലാലാണ് ഈ വിമുക്തഭടന്‍.

nandan-668x445

ഗുര്‍ഗൗണിലാണ് നന്ദന്‍ലാലിന്റെ വീട്. പഞ്ചാബിലും ജമ്മുകാശ്മീറിലും അതിര്‍ത്തികളില്‍ കാവല്‍ നിന്നിട്ടുണ്ട് നന്ദന്‍ലാല്‍. ആകെയുള്ള വീട് ദത്തുപുത്രി വില്‍ക്കുകയായിരുന്നു. പിന്നീട് ഉണ്ടായിരുന്ന വരുമാനം പെന്‍ഷനായിരുന്നു. അതിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ബാങ്കിനുമുന്നില്‍ വരി നില്‍ക്കുകയാണ്. മൂന്നുദിവസവും കിട്ടിയില്ല. ഉദ്യോഗസ്ഥരോട് സഹായമഭ്യര്‍ത്ഥിച്ചു. പക്ഷേ കാര്യമുണ്ടായില്ല. പിന്നീടാണ് എസ്ബിടിക്കു മുന്നില്‍ തന്റെ നിസ്സഹായതയാല്‍ നന്ദന്‍ലാല്‍ പൊട്ടിക്കരഞ്ഞത്.

‘വീട്ടിലെ സഹായിക്കും പാലിനും കാശ് നല്‍കണം. ഡിസംബര്‍ ആദ്യത്തില്‍ പെന്‍ഷന്‍ വന്നതാണ്. ഇതുവരേയും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ആയിരം രൂപക്ക് വേണ്ടിയാണ് ബാങ്കില്‍ പോയത്. എന്തുകൊണ്ടാണ് എന്റെ പൈസ എനിക്ക് തരാത്തത്’ നന്ദന്‍ലാല്‍ ചോദിക്കുന്നു. രാജ്യത്തെ നോട്ട് നിരോധനത്തിന്റെ വേദനയും നിസ്സഹായതയും അറിയാന്‍ ഈ ഒരൊറ്റ ചിത്രം തന്നെ ധാരാളമാണെന്നതിന് തര്‍ക്കമുണ്ടാകില്ല. മോദി കാണുന്നുണ്ടോ ചിത്രം എന്ന് ചോദിച്ചാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.