kerala

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ

By webdesk14

December 28, 2025

അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാളെപ്പോലും വഴിയാധാരമാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശൻ അടൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റത്തൂരിലെ കോൺഗ്രസുകാരൊന്നും ബി.ജെ.പിയിലേക്ക്​ പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റത്തൂരില്‍ വിജയിച്ച രണ്ട്​ വിമതല്‍ ഒരാളെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ മറ്റുള്ളവർ ചേര്‍ന്ന് ​രണ്ടാമന് ​പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. തോറ്റ് നിൽക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും സതീശൻ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.