kerala

‘അഞ്ച് കൊല്ലം ഒന്നും ചെയ്തില്ല; ബജറ്റ് സര്‍ക്കാറിന്റെ കുറ്റസമ്മതം’ -പി.എം.എ സലാം

By Akhila

January 29, 2026

രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കബളിപ്പിക്കല്‍ മാത്രമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. അഞ്ച് കൊല്ലക്കാലം ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ കുറ്റസമ്മതമാണെന്നും പി.എം.എ സലാം പറഞ്ഞു. അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

10 വര്‍ഷം അധികാരത്തിലിരുന്നിട്ടും ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിക്കാത്ത സര്‍ക്കാര്‍ പടിയിറങ്ങുന്ന ഘട്ടത്തില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ സാധാരണക്കാരെ കബളിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ നടത്തുന്ന മാപ്പപേക്ഷയാണിത്. വിഭവസമാഹരണം എങ്ങനെ എന്ന് രേഖപ്പെടുത്താതെയാണ് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. ഭരണത്തില്‍നിന്ന് ഇറങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ട് വാഗ്ദാനങ്ങള്‍ കൊടുക്കുകയാണ്. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന കുറ്റസമ്മതമാണ് ഈ ബജറ്റ്. ഇപ്പോള്‍ ക്ഷേമബജറ്റ് പ്രഖ്യാപിച്ചതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.