Cricket

‘ഇനി കളി മാറും’; കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിനെ കളത്തിലിറക്കി ചെന്നൈ

By webdesk18

May 07, 2025

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ ഹോം ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമായ ഉര്‍വിലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 47 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 1162 റണ്‍സാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം കൂടിയാണ് ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി 28 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തില്‍ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും ഉര്‍വില്‍ പട്ടേല്‍ തന്റെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇത്തവണ നിരാശാജനകമായ പ്രകടനങ്ങളാണ് ചെന്നൈ കാഴ്ച്ചവെച്ചത്. പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും ചെന്നൈ പുറത്തായിരുന്നു. 11 മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒമ്പത് തോല്‍വിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചുകൊണ്ട് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാത്രേ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മോയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.