ശബരിമല വിഷയത്തിന്റെ പേരില്‍ ഈശ്വര വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോടതി വിധി നടപ്പാക്കാന്‍ കഴിയാത്തതിനു കാരണം സവര്‍ണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. സവര്‍ണനെന്നും അവര്‍ണനെന്നും ചേരിതിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ. അതുവഴി ശബരിമലവിഷയത്തിന് പരിഹാരം കാണാമെന്നുള്ള സര്‍ക്കാര്‍നീക്കം രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ഒരു ജനാധിപത്യസര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്.

സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാരിന്റെ തീരുമാനം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവില്‍, നവോത്ഥാനത്തിന്റെ പേരില്‍ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. അതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനപ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്ത്രീ പ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിശ്വാസത്തിന്റെയും പ്രശ്‌നമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ്, ആദ്യം തന്നെ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപോലും ബന്ദിയാക്കി, ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ഈ സംഗമമെന്നു പറഞ്ഞാല്‍ തെറ്റുണ്ടോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു.

ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ്ണഅവര്‍ണ്ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമലവിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ സാധിക്കില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.