Fact Check

എന്‍.എസ്.എസിന്റെ നാമജപഘോഷയാത്ര; പൊലീസ് കേസെടുത്തു

By webdesk13

August 03, 2023

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്ര നടത്തിയതിന് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേര്‍ന്നെന്ന് ആരോപിച്ചാണ് കേസ്.

അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍ വ്യക്തമാക്കി. ഘോഷയാത്ര സമാധാനപരമായിരുന്നു. കേസെടുത്തതില്‍ പ്രതിഷേധത്തിനില്ല. ഗണപതി ഭഗവാനു വേണ്ടിയുള്ള കേസാണെന്നും സംഗീത്കുമാര്‍ പറഞ്ഞു.

എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 175 കരയോഗങ്ങളില്‍നിന്നുള്ളവരാണ് യാത്രയില്‍ പങ്കെടുത്തത്. പാളയം ഗണപതി ക്ഷേത്രത്തില്‍നിന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. നിലവിളക്കും നിറപറയും ഒരുക്കിയ ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി കരയോഗ അംഗങ്ങള്‍ അണിനിരന്ന യാത്ര വൈകിട്ട് ആറേമുക്കാലോടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ സമാപിച്ചു. സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് യാത്രയില്‍ പങ്കെടുത്തത്.