തിരുവനന്തപുരം : ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ആശുപത്രി സൂപ്രണ്ട് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വലിയ ജോലി ഭാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്ളത്. നിലവില്‍ പത്ത് ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് മൂന്നു ദിവസത്തെ അവധിയാണ് നല്‍കുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ആറു ദിവസം ഡ്യൂട്ടി ചെയ്താല്‍ ഒരു ദിവസം അവധി എന്ന നിലയിലാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ഉത്തരവ് കത്തിച്ചു കൊണ്ടായിരുന്നു നഴ്‌സുമാരുടെ പ്രതിഷേധം. ജോലിചെയ്യാന്‍ തയ്യാറാണെന്നും തങ്ങളുമായി ചര്‍ച്ച നടത്താന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിച്ചു. കൂടുതല്‍ നഴ്‌സുമാര്‍ ഉള്‍പ്പെടുത്തി തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.