തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക മേഖലയില്‍ രാജ്യത്തൊട്ടാകെ വന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സാറ്റലൈറ്റ് നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു. നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ സ്‌പെയ്‌സ് സ്റ്റഡീസ് വിഭാഗം നിര്‍മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒക്ക് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ഭാരതം സാങ്കേതികമായി വളര്‍ച്ച കൈവരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ഉപഗ്രഹനിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കാര്‍ഷിക മേഖലക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പും ദുരന്തനിവാരണത്തിന് മുന്നൊരുക്കം നടത്താനുള്ള സന്ദേശവും നല്‍കുന്ന ഈ ഉപഗ്രഹം നിസാരമായി കാണാനാവില്ല. നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഉപഗ്രഹം പുതുതലമുറക്ക് പ്രചോദനമാകുമെന്നും പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രൊഫ.കൃഷ്ണസ്വാമി നിയോസാറ്റ് പ്രോജക്ട് അവതരിപ്പിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നൂറുല്‍ഇസ്‌ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ.എ.പി മജീദ് ഖാന്‍, നിയോസാറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.എ.ഇ. മുത്തുനായകം, പ്രോ. ചാന്‍സലര്‍, എം.എസ് ഫൈസല്‍ഖാന്‍, വി.എസ്.എസ്.സി, എല്‍.പി.എസ്.സി, ഐ.എസ്.ആര്‍.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
സുനാമി പോലുള്ള ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി നിരീക്ഷിക്കാനുള്ള നിരന്തര ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് ഉപഗ്രഹത്തിന് രൂപം നല്‍കിയതെന്നും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള ഉപഗ്രഹമാണിതെന്നും തുടന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എ.ഇ.മുത്തുനായകം പറഞ്ഞു. 400 വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹ നിര്‍മാണത്തില്‍ പങ്കാളികളായത്. രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതിക്ഷോഭ നിവാരണ ഉപഗ്രഹമാണിത്. ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച് നിര്‍മിച്ച ഈ ഉപഗ്രഹം കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപകരിക്കും. കാര്‍ഷിക മേഖലയിലും മറ്റ് ഗവേഷണമേഖലകളിലും ഉപയോഗിക്കാവുന്നതുമാണ്. എല്ലാവിധ സന്ദേശമാര്‍ഗങ്ങളും 14.3 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഉപഗ്രഹത്തിനുണ്ട്. കന്യാകുമാരി ജില്ലയിലെ കാര്‍ഷിക വിഷയങ്ങള്‍ പരിശോധിക്കലാകും ഉപഗ്രഹത്തിന്റെ ആദ്യ പ്രവര്‍ത്തനം.
കടല്‍ക്ഷോഭം, സുനാമി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്ന സെന്‍സറിംഗ് സാങ്കേതിക വിദ്യയാണ് നിയോസാറ്റില്‍ðഉപയോഗിച്ചിരിക്കുന്നത്. കാട്ടുതീ, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം ഉപയോഗപ്രദമായിരിക്കും.
അതിനൂതന നാനോ ടെക്‌നോളജിയാണ് ഉപഗ്രഹ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്യക്ഷമമായി സന്ദേശങ്ങളും ചിത്രങ്ങളും പകര്‍ത്തുവാന്‍ സാധിക്കും. റിമോര്‍ട്ട് സെന്‍സറിങ് ഫെസിലിറ്റികള്‍ ഉപയോഗിച്ച് സര്‍വകലാശാല കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷലൂടെയാണ് ഉപഗ്രഹവുമായുള്ള സന്ദേശം കൈമാറുക.
പേലോഡ് സാങ്കേതിക വിദ്യഘടിപ്പിച്ച നാനോ ഉപഗ്രഹത്തിന്റെ ആദ്യ പരീക്ഷണമാണിത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം വളരെയധികം ഉപയോഗപ്രദമാകുമെന്ന് എം.എസ് ഫൈസല്‍ഖാന്‍ പറഞ്ഞു. ആഴക്കടലില്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളെ കുറിച്ച് ഉപഗ്രഹം കൃത്യമായി വിവരങ്ങള്‍ നല്‍കും. പ്രകൃതിക്ഷോഭമുള്ള സ്ഥലത്തുനിന്നും എടുക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും ലഭ്യമാകും. അടുത്തമാസം 20ന് ശ്രീഹരിക്കോട്ടയില്‍ നിന്ന്് പി.എസ്.എല്‍.വിയുടെ പേടകത്തില്‍ ഉപഗ്രഹം വിക്ഷേപിക്കും.