ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും നടികളുമായ നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സലാമും നമസ്‌ക്കാരവും പറഞ്ഞാണ് നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞ ചെയ്തുതുടങ്ങിയത്. നമസ്‌ക്കാരം പറഞ്ഞ് മിമി ചക്രബര്‍ത്തി സത്യപ്രതിജ്ഞ ആരംഭിച്ചത്. ജാദവ്പൂര്‍, ബസീര്‍ഹട്ട് മണ്ഡലങ്ങളില്‍ നിന്നാണ് മിമിയും നുസ്രത്തും തെരഞ്ഞെടുക്കപ്പെട്ടത്.

വ്യവസായി നിഖില്‍ ജെയിനുമായുള്ള വിവാഹത്തിനായി തുര്‍ക്കിയിലായിരുന്നതിനാല്‍ ലോക്‌സഭാസമ്മേളനത്തിന്റെ ആദ്യദിനം നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മിമി ചക്രബര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുള്‍പ്പെടെ വേഷത്തിന്റെ കാര്യത്തില്‍ ഇരുവരും വിമര്‍ശിക്കപ്പെട്ടിരുന്നു. സത്യപ്രതിജ്ഞക്കു ശേഷം സ്പീക്കര്‍ ഓംബിര്‍ളയെ ഇരുവരും വണങ്ങിയിരുന്നു.