ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന്‍ തോറ്റു. മഴ രസം കൊല്ലിയായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കിവീസ് പാകിസ്താനെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ ഒമ്പത് വിക്കറ്റിന് 246 റണ്‍സെടുത്തു. മുഹമ്മദ് ഹഫീസ് (60)ഒഴികെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ വാലറ്റ് ബൗളര്‍മാരായ ഹസന്‍ അലി (51), ശദാബ് ഖാന്‍ (52) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പാകിസ്താനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ഒരുഘട്ടത്തില്‍ 127ന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു പാകിസ്താന്‍. മറുപടി ബാറ്റിങ് ആരംഭിച്ച കിവീസിന് ഓപണര്‍ കോളിന്‍ മണ്‍റോ (0), വില്യംസണ്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നീടെത്തിയ മഴ മത്സരം പാകിസ്താന്റെ കയ്യില്‍ നിന്നും അടര്‍ത്തി മാറ്റി. 25 ഓവറാക്കി മത്സരം പുനര്‍നിര്‍ണയിച്ചതോടെ കിവീസിന്റെ ലക്ഷ്യം 151 റണ്‍സാക്കി പുനര്‍ നിര്‍ണയിച്ചു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (87*), റോസ് ടെയ്‌ലര്‍ (44*) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടം കൂടാതെ കിവീസിനെ വിജയ തീരത്തെത്തിച്ചു.