യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തവണ സാധാരണയേക്കാള്‍ വലിയ പന്തലാണ് സജ്ജീകരിക്കുന്നത്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് പന്തലിന്റെ വിസ്തൃതി 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. പാസ് ലഭിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ചടങ്ങ് തത്സമയം കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്.
അതേസമയം സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലായിടങ്ങളിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ടാകുമെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വ്യക്തമാക്കി.
നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് പൂര്‍ത്തിയാക്കി. ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.