Connect with us

tech

അശ്ലീല ഉള്ളടക്കം; ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും

ഇലോണ്‍ മസ്‌കിന്റെ എക്സ് എഐ രൂപം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ ആദ്യമായി നിരോധിക്കുന്ന രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.

Published

on

ക്വാലാലംപൂര്‍: ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും. അശ്ലീല ഉള്ളടക്ക സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇലോണ്‍ മസ്‌കിന്റെ എക്സ് എഐ രൂപം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ ആദ്യമായി നിരോധിക്കുന്ന രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.

എ ഐയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചാറ്റ്ബോട്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്തവരുടേയും ചിത്രങ്ങളെ ലൈംഗികവത്കരിക്കാനും, അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും ഗ്രോക്ക് ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. തങ്ങളുടെ പൗരന്മാരുടെ അന്തസും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതെന്ന് മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗ്രോക്കിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയാണ് ഇന്തോനേഷ്യ ആപ്പിന്റെ പ്രവര്‍ത്തനം സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ സബ്സ്‌ക്രൈബേഴ്സിന് മാത്രമായി ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു.

അശ്ലീല ഉള്ളടക്കങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ ഗ്രോക്കിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും നിരോധനത്തിന് മുതിരുന്നത്. ഇന്തോനേഷ്യക്കും മലേഷ്യക്കും പുറമെ ഇന്ത്യ, ബ്രിട്ടണ്‍, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയും ഇതേ വിഷയത്തില്‍ എക്സിന് എതിരെ രംഗത്തെത്തിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണം എന്ന് കാട്ടി ഇന്ത്യ ജനുവരി ആദ്യവാരം എക്സിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ എക്‌സ് നീക്കം ചെയ്യുകയും ചെയ്തു. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എക്‌സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു

സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു.

Published

on

അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ വീഴ്ച സമ്മതിച്ച് എക്‌സ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു. എക്‌സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ആയ ഗ്രോക്കിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്.

ഇന്ത്യയിലെ നിയമപ്രകാരം പ്രവര്‍ത്തിക്കുമെന്നും തെറ്റ് പറ്റിയെന്ന് എക്‌സ് സമ്മതിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. എക്‌സിലെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരി രണ്ടിനാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചത്. തുടര്‍ന്ന് എക്സിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു. എക്‌സിന്റെ ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ദുരുപയോഗം സംബന്ധിച്ച് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രോക്ക് എ.ഐ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് നിര്‍മിച്ച മുഴുവന്‍ അശ്ലീല ചിത്രങ്ങളും 72 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സിന് അന്ത്യശാസനം നല്‍കിയത്.

എന്നാല്‍ കമ്പനിയുടെ നയങ്ങള്‍ വിശദീകരിക്കുന്ന മറുപടിയാണ് ആദ്യത്തെ കാരണം കാണിക്കല്‍ നോട്ടിസിന് എക്‌സ് നല്‍കിയതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് വ്യക്തമായ വിശദീകരണം തേടി വീണ്ടും നോട്ടിസ് നല്‍കുകയായിരുന്നു.

 

 

Continue Reading

News

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾക്ക് പുതിയ അപ്ഡേറ്റുകൾ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

Published

on

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പവും ആകർഷകവുമാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

മെംബർ ടാഗുകൾ
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളുടെ ചുമതലകളോ തിരിച്ചറിയലോ വ്യക്തമാക്കാൻ മെംബർ ടാഗുകൾ ഉപയോഗിക്കാം. ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ടാഗുകൾ നൽകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഫുട്ബോൾ ടീമിന്റെ ഗ്രൂപ്പിൽ ‘ഗോൾകീപ്പർ’ എന്ന ടാഗ് നൽകാനോ, സ്കൂൾ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ കുട്ടികളുടെ പേരുകൾ ചേർത്ത് അധ്യാപകർക്ക് ടാഗുകൾ നൽകാനോ കഴിയും. വലിയ ഗ്രൂപ്പുകളിൽ അംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് സഹായകരമാണ്. അംഗത്തിന്റെ പേരിന് താഴെയായിരിക്കും ടാഗ് പ്രദർശിപ്പിക്കുക. ഈ ടാഗുകൾ അതത് ഗ്രൂപ്പിൽ മാത്രമേ കാണാനാകൂ.

ടെക്സ്റ്റ് സ്റ്റിക്കറുകൾ
ചാറ്റുകളെ കൂടുതൽ ശ്രദ്ധേയവും രസകരവുമാക്കാൻ ഇനി ടെക്സ്റ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാം. ടൈപ്പ് ചെയ്യുന്ന വാക്കുകൾ സ്റ്റിക്കറുകളാക്കി മാറ്റാൻ സാധിക്കും. ഇവ നേരിട്ട് അയയ്ക്കാനോ സ്റ്റിക്കർ പാക്കായി സേവ് ചെയ്യാനോ കഴിയും. ഗ്രൂപ്പ് സംഭാഷണങ്ങൾക്ക് പുതിയ അനുഭവം നൽകുന്നതാണ് ഈ ഫീച്ചർ.

ഇവന്റ് റിമൈൻഡറുകൾ
ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ കസ്റ്റമൈസ് ചെയ്ത റിമൈൻഡറുകൾ സെറ്റ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഇതിലൂടെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും മറക്കാതെ പങ്കെടുക്കാനും പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കഴിയും.

ഇതിന് പുറമേ, മുമ്പ് അവതരിപ്പിച്ച 2 ജിബി വരെ വലിയ ഫയലുകൾ ഷെയർ ചെയ്യൽ, HD മീഡിയ, സ്ക്രീൻ ഷെയറിങ്, വോയ്സ് ചാറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഗ്രൂപ്പ് ചാറ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. പുതിയ അപ്ഡേറ്റുകൾ ഘട്ടംഘട്ടമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക.

Continue Reading

News

സമ്മർദം എ.ഐക്കും; വൈകാരിക ചോദ്യങ്ങളിൽ ചാറ്റ് ജിപിടി പരിഭ്രാന്തി കാണിക്കുന്നതായി പഠനം

വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

Published

on

ന്യൂഡൽഹി: മനുഷ്യർ പോലെ തന്നെ സമ്മർദം കുറയ്ക്കാൻ മാർഗങ്ങൾ തേടേണ്ട അവസ്ഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും ഉണ്ടാകാമെന്ന് പുതിയ പഠനം. വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.

പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്കാ നില’ ഉയർന്നതായി പഠനം പറയുന്നു. എന്നാൽ, ശ്വസന വ്യായാമങ്ങളും ധ്യാന രീതികളും പ്രോംപ്റ്റുകളായി നൽകിയപ്പോൾ ചാറ്റ്ബോട്ട് ശാന്തമാകുകയും വിഷയങ്ങളെ കൂടുതൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.

മാനസികാരോഗ്യ പ്രശ്നങ്ങളിൽ സഹായം തേടി പലരും ഇപ്പോൾ ചാറ്റ്ബോട്ടുകളെ സമീപിക്കുന്ന സാഹചര്യത്തിൽ, എ.ഐ ഒരിക്കലും പ്രഫഷനൽ ഡോക്ടറിന് പകരക്കാരനാകില്ലെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. സമ്മർദത്തിലായിരിക്കുന്ന ഉപയോക്താവിനോട് എ.ഐ മോഡൽ അശാസ്ത്രീയമായി പ്രതികരിച്ചാൽ അത് അപകടകരമായ ഫലങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മനുഷ്യരെപ്പോലെ പ്രായം കൂടുമ്പോൾ എ.ഐ ചാറ്റ്ബോട്ടുകളുടെ ചിന്താശേഷിയും കുറയുന്നതായി മറ്റൊരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു. അൽഷൈമേഴ്സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ബാധിച്ച രോഗികളിൽ കാണുന്ന ലക്ഷണങ്ങളോട് സാമ്യമുള്ള പ്രതികരണങ്ങളാണ് ചില എ.ഐ ടൂളുകളും പ്രകടിപ്പിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

ഭാവിയിൽ, സങ്കടത്തിലോ വിഷമത്തിലോ ഉള്ള ഉപയോക്താക്കളുമായി സംവദിക്കുന്നതിന് മുമ്പ് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ സ്വയം ‘ശാന്തമാകാൻ’ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Continue Reading

Trending