kerala

കഞ്ചാവ് ലഭിച്ചത് മാനേജര്‍ വഴി, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കില്ല; വേടന്‍ പൊലീസിന് മൊഴി നല്‍കി

By webdesk17

April 29, 2025

കഞ്ചാവ് ലഭിച്ചത് മാനേജര്‍ വഴിയാണെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും റാപ്പര്‍ വേടന്‍ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഒന്‍പതംഗ സംഘത്തില്‍ വേടന്റെ മാനേജറുമുണ്ടായിരുന്നു. അതേസമയം മാനേജര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.

അതേസമയം വേടനെതിരായ പുലിപ്പല്ല് കേസില്‍ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്നാട്ടില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം.

കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് വേടനെ ചോദ്യം ചെയ്തത്. ശേഷം കോടനാട് മലയാറ്റൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.