Culture

ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി കേരളത്തിലെത്തും

By chandrika

December 16, 2017

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. എന്നാല്‍ ഏത് തിയതിയാണ് സന്ദര്‍ശിക്കുക എന്നതിന് കൃത്യമായ സ്ഥിരീകരണമില്ല. കേരളത്തിന് പുറമെ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദര്‍ശിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക എന്നാണ് സൂചന.

പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണില്‍ വിളിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.