india

റിപ്പബ്ലിക് ദിനത്തിൽ മാംസവിൽപ്പന നിരോധിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം

By sreenitha

January 24, 2026

ഭുവനേശ്വർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൈമാറി. ജില്ലയിലുടനീളം നിരോധനം കർശനമായി നടപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് കോരാപുത് സ്വദേശിയായ അഭിഭാഷകൻ സത്യബാദി മൊഹാപത്ര പറഞ്ഞു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ല, മറിച്ച് ഒരു ദേശീയ ഉത്സവമാണെന്ന ചൂണ്ടിക്കാട്ടലോടെ നിരോധനത്തിനെതിരെ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. സമ്പൂർണ നിരോധനത്തിന് പകരം, മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുകയും തിരക്ക് നിയന്ത്രിച്ച് ക്രമസമാധാനം നിലനിർത്തുകയും ചെയ്യാമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ദൈനംദിന വിൽപ്പനയെ ആശ്രയിച്ച് ജീവിക്കുന്ന മാംസ–മത്സ്യ കച്ചവടക്കാരെ ഈ നിരോധനം ഗുരുതരമായി ബാധിക്കുമെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ കല്യാൺ–ഡോംബിവ്‌ലി, മാലേഗാവ്, ഛത്രപതി സംഭാജി നഗർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പന നിരോധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അസം സർക്കാർ മാംസാഹാര വിൽപ്പന നിരോധിച്ചതും വിവാദമായിരുന്നു.

മഹാവീർ ജയന്തി ദിനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എല്ലാ മാംസക്കടകളും അറവുശാലകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025ൽ ഇൻഡോർ മുനിസിപ്പൽ ബോഡി ഹിന്ദു, ജൈന മതപരമായ ഉത്സവ ദിവസങ്ങളിൽ മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. ഭക്ഷണ തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം ഇടപെടലുകൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായാണ് പൊതുവായ വിലയിരുത്തൽ.