editorial

ഉദ്യോഗസ്ഥരും ബലിയാടാക്കപ്പെടുന്നു

By webdesk18

November 17, 2025

പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒ ജീവനൊടുക്കിയ സംഭവം ബി.എല്‍.ഒ മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെമാത്രമല്ല, കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നതിലെ അശാസ്ത്രീയതയിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാണ്. പയ്യന്നൂര്‍ കുന്നരു യു.പി സ്‌കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര്‍ സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇക്കാര്യത്തെക്കുറിച്ച് അനീഷ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നില്‍കിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിശോധന സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പദ്ധതിയുടെ യുക്തിരാഹിത്യത്തെ ചോദ്യംചെയ്ത ഇരുമുന്നണികളും നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും ചെയ്യുകയുണ്ടായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സാഹസപ്പെട്ട് ഇത്തരത്തിലൊരു ഭഗീരത പ്രയത്‌നത്തിന് മുതിരുന്നതിലെ സാങ്കത്യത്തെ ചോദ്യം ചെയ്ത ഇരുമുന്നണികളും ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സംസ്ഥാനത്തെ ന്യൂനാല്‍ ന്യൂനപക്ഷമൊഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി എസ്.ഐ.ആറി ന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. പക്ഷേ, കേരളം മുന്നോട്ടുവെച്ച ആശങ്കകളെ സാധൂകരിക്കുന്ന സംഭവ വികാസങ്ങള്‍ക്കാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളിലൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുകൂല സമീപനം സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥരുടെ മേലില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. 12 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ട വിലയിരുത്തലില്‍ നടപടിക്രമങ്ങളില്‍ ഏറ്റവും പിറകിലുള്ളത് കേരളമാണെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച വിളിച്ചുചേര്‍ത്ത നാലാംഘട്ട സര്‍വകക്ഷി യോഗത്തില്‍പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ കൃത്രിമംകാണിച്ച് വ്യാജ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി.എല്‍.ഒ മാരോട് ആവശ്യപ്പെടുന്നു, പരിശീലനത്തിന്റെ അഭാവമുള്ളതിനാല്‍ ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം വിതരണംപോലും നടക്കുന്നില്ല തുടങ്ങിയ പ്രയാസങ്ങളായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നത്. പൊതുപ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ബി.എല്‍.ഒ മാരെ സഹായിക്കാനും നിര്‍വാ ഹമില്ലാത്ത സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ക ഴിയുംവരെയെങ്കിലും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ ത്തിവെക്കുകമാത്രമാണ് പരിഹാരം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായ അജണ്ടകള്‍ ഉള്ളിലൊളിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് കമ്മീഷന്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഈ നിര്‍ണായക ഘട്ടത്തിലുള്ള കമ്മീഷന്റെ ചടുലമായ നീക്കങ്ങള്‍ എ സ്.ഐ.ആറിന്റെ നിഗൂഢതകള്‍ക്ക് വളംനല്‍കാന്‍ ഉപയോഗപ്പെടുത്തന്നതോടൊപ്പം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടിയുണ്ടോയെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ്. കേരളത്തിന്റെ പൂര്‍ണമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് തീര്‍ത്തും നിഗൂഢമായ ഒരു പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുമ്പോള്‍ സാധാരണ ജനങ്ങള്‍ മാത്രമല്ല, ഉദ്യോഗസ്ഥ സമൂഹവും ഇവിടെ ബലിയാടാക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യമാണ് അടിവരയിടപ്പെടുന്നത്.