News

എണ്ണവില കുതിക്കുന്നു; ബാരലിന് 80 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്

By Manya

March 02, 2026

സിംഗപ്പൂര്‍: പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 78.24 ഡോളറില്‍ നിന്ന് 5.38 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 82.37 ഡോളറായി. അതേസമയം വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 4.66 ഡോളര്‍ വര്‍ധിച്ച് 75.33 ഡോളറിലെത്തി. ഏകദേശം ഏഴ് ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

ഇസ്രായേല്‍-അമേരിക്കന്‍ സംയുക്തസേനകള്‍ ഇറാന്‍ മേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെയാണ് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചത്. ഈ നില തുടരുകയാണെങ്കില്‍ ക്രൂഡോയില്‍ വില ഉടന്‍ 90 ഡോളറിലേക്കും അടുത്തയാഴ്ച 100 ഡോളര്‍ പിന്നിടാനും സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക സമ്മര്‍ദമാകും. ആഗോള സമ്പദ്വ്യവസ്ഥയെയും വിലക്കയറ്റം ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകള്‍ കാരണം നിരവധി കപ്പലുകള്‍ ഈ മാര്‍ഗം ഒഴിവാക്കുന്നു. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും നിയന്ത്രിക്കാന്‍ അത് മതിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.