News

‘എണ്ണക്കിണറുകള്‍ സുരക്ഷിതം, വേണമെങ്കില്‍ ലൈവ് കാണിക്കാം’; അമേരിക്കയെ പരിഹസിച്ച് ഇറാന്‍ സ്പീക്കര്‍

By webdesk18

April 30, 2026

ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. അമേരിക്കയുടെ സാമ്പത്തിക തന്ത്രങ്ങൾ പൂർണ്ണ പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 140 ഡോളർ വരെയായി ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉപരോധം കടുപ്പിച്ചിട്ടും ഇറാന്റെ എണ്ണ ഉൽപ്പാദനത്തെയോ എണ്ണക്കിണറുകളെയോ ബാധിച്ചിട്ടില്ലെന്ന് ഘാലിബാഫ് അവകാശപ്പെട്ടു. എണ്ണക്കയറ്റുമതി തടഞ്ഞാൽ ഇറാന്റെ സംഭരണശാലകൾ തകരുമെന്ന യുഎസ് പ്രവചനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. വേണമെങ്കിൽ എണ്ണക്കിണറുകളുടെ സുരക്ഷിതാവസ്ഥ ലൈവ് സ്ട്രീമിങ്ങിലൂടെ ലോകത്തിന് കാണിച്ചുതരാമെന്നും അദ്ദേഹം പരിഹസിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഉൾപ്പെടെയുള്ളവരുടെ തെറ്റായ ഉപദേശങ്ങളാണ് അമേരിക്കയെ ഇത്തരം ‘വിഡ്ഢിത്തങ്ങൾക്ക്’ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും അതിനാൽ എത്രയും വേഗം കീഴടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. പുതിയ കരാറിന് തയ്യാറായില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, അമേരിക്ക നാവിക ഉപരോധം തുടരുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുമ്പോഴും ഇറാനുമായി ഫോൺ മുഖേന ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഇതിനിടെ, നേരത്തെ അമേരിക്ക പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലെ ആറ് ജീവനക്കാരെ വിട്ടയച്ചിട്ടുണ്ട്.