ന്യൂഡല്‍ഹി: സെതംബര്‍ 14 തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ അഞ്ച് ലോക്‌സഭാ എംപിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായ രാജ്യസഭയിലേയും ലോക്‌സഭയിലേയും അംഗങ്ങള്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഏതൊക്കെ എംപിമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

അതേസമയം, പശ്ചിമ ബംഗാളിലെ ബലുര്‍ഘട്ട് ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന ബിജെപി എംപി സുകന്ത മജുംദാര്‍, ജല്‍പായ്ഗുരി ബിജെപി എംപി ജയന്ത റോയ്, ബിജെപിയുടെ ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്‍ജി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സുകന്ത മജുംദാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രോഗവിവരം അറിയിച്ചത്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ സമരേഷ് ദാസ്, തമോനാഷ് ഘോഷ് എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാന മന്ത്രിമാരായ സുജിത് ബോസ്, ജ്യോതിപ്രിയ മല്ലിക്, നിയമസഭയിലെ ടിഎംസി ചീഫ് വിപ്പ് നിര്‍മ്മല്‍ ഘോഷ് എന്നിവര്‍ക്കും രോഗം ബാധിച്ചു.

തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സമ്മേളനം സമയമുള്‍പ്പെടെ വെട്ടിക്കുറക്കാന്‍ തീരുമാനമായിട്ടുണ്ട്. നാല് മണിക്കൂര്‍ വീതമാവും സമ്മേളനം. സീറോ ഹവറിന്റെ സമയവും പകുതിയായി ചുരുക്കും. സീറ്റ് ക്രമീകരണത്തിലും മാറ്റമുണ്ടാവും.