News

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് ധാരണയിലെത്തി ഒമാനും ഇറാനും; മസ്‌കത്തില്‍ ഉന്നതതല ചര്‍ച്ച

By Manya

May 13, 2026

ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗതവും ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഇറാനും ഉന്നതതല ചർച്ച നടത്തി. മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും സമുദ്രപാതയിലെ സുരക്ഷിത സഞ്ചാരവും പ്രധാന ചർച്ചാവിഷയങ്ങളായി.ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലാതിർത്തിയുടെ ഭാഗമാണെന്നും അതിലുള്ള അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. സമുദ്ര സുരക്ഷ, പ്രാദേശിക സ്ഥിരത, തടസ്സമില്ലാത്ത കപ്പൽ ഗതാഗതം എന്നിവ ഉറപ്പാക്കാൻ ചേർന്ന് പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.അയൽരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ചർച്ചകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.