News

ഫലസ്തീനിലെ കുടുംബങ്ങള്‍ക്കായി വഖഫ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് ഒമാന്‍

By Akhila

February 24, 2026

മസ്‌കത്ത്: ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി വഖഫ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് ഒമാന്‍. ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് 10 ലക്ഷം ഒമാനി റിയാല്‍ പ്രാരംഭ മൂലധനത്തോടെയുള്ള ഒരു പ്രത്യേക ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്റ് (വഖഫ്) ഫൗണ്ടേഷന്‍ സ്ഥാപിച്ചത് .

ഫലസ്തീന്‍ ജനതക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായമെത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് (ഉത്തരവ് നമ്പര്‍ 78/36) ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. കേവലം ഒരു താല്‍ക്കാലിക ആശ്വാസ പദ്ധതിയെന്നതിലുപരി, സുസ്ഥിരമായ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫലസ്തീനിലെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പദ്ധതികള്‍ക്കായിരിക്കും ഇതില്‍നിന്നുള്ള വരുമാനം വിനിയോഗിക്കുക.

10 ലക്ഷം റിയാല്‍ എന്ന പ്രാരംഭ നിക്ഷേപം ഒരു സാമ്പത്തിക സ്രോതസ്സായി ഉപയോഗിക്കുകയും അതില്‍നിന്നുള്ള നിക്ഷേപ വരുമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യും. ഇത് സഹായം വിതരണം ചെയ്യുന്നതില്‍ സുതാര്യതയും തുടര്‍ച്ചയും ഉറപ്പാക്കും.

ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍ പുലര്‍ത്തുന്ന ഉറച്ച നിലപാടിന്റെയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായാണ് ഈ നടപടി. നേരത്തെയും ഒമാന്‍ ഗസ്സയിലെ കുട്ടികള്‍ക്കായി യൂനിസെഫ് വഴിയും യു.എന്‍.ആര്‍.ഡബ്ല്യു.എ വഴിയും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കാന്‍ സമഗ്ര ഭരണ ചട്ടക്കൂടും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നയരൂപവത്കരണം, പദ്ധതികളുടെ മേല്‍നോട്ടം എന്നിവക്കായി പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉത്തരവാദിത്വപരവും സുതാര്യവുമായ സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുക എന്നതും ബോര്‍ഡിന്റെ ചുമതലയായിരിക്കും. വഖഫ് സംസ്‌കാരത്തെ സജീവമാക്കി സാമൂഹികാധിഷ്ഠിത പദ്ധതികള്‍ വികസിപ്പിക്കുകയാണ് ഒമാന്‍ ലക്ഷ്യമിടുന്നതെന്നും ഫലസ്തീന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.