News

അമേരിക്കൻ ബോൾ ഷോ-5; റോഡുകളിൽ സൈനിക വിന്യാസവുമാവാം

By webdesk17

June 15, 2026

അമേരിക്കയിലെ സവിശേഷതകളിൽ പ്രധാനം റോഡുകളാണ്. ഇന്റർസ്റ്റേറ്റ് റോഡുകൾ ഉൾപ്പെടെ നിരവധി പേരുകളിൽ, അനവധി ശ്രേണികളിലുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെയൊക്കെ പ്രത്യേകത അതിവിശാലതയാണ്. നമ്മുടെ നാട്ടിൽ കാണുന്ന കൊച്ചു റോഡുകൾ ഇവിടെയില്ല. റിംഗ് റോഡുകൾ,ലൂപ്പ് റോഡുകൾ തുടങ്ങിയ നാമങ്ങളിൽ ഇടറോഡുകളുണ്ട്. അവയും ശാസ്ത്രിയമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ടെക്സസ് എന്ന വലിയ സംസ്ഥാനത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധപ്പെടുത്തിയുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെ സവിശേഷത പലതാണ്. കിലോമീറ്ററുകളോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നു. ഒരു കുഴി കണ്ടെത്തുക ദുഷ്‌കരമായ കാര്യമാണ്. രണ്ടായിരം, മൂവായിരം, നാലായിരം കിലോമീറ്റർ ദൈർഘ്യം ഉള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. പ്രകൃതി സുന്ദരമാണ് പാതകൾ. പാതകളുടെ ഓരങ്ങളിൽ ഹരിതാഭയുടെ സൗകുമാര്യത. വൃക്ഷങ്ങളാണ് റോഡുകളുടെ സൗന്ദര്യം. പക്ഷേ വ്യക്ഷങ്ങൾ റോഡുകളുടെ അരികിൽ അല്ല, അകലെയാണ്. അതിന് കാരണം തേടിയപ്പോൾ റോഡുകളുടെ ഉപയോഗം ഏത് സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്തുക എന്നതാണ്.ഉദാഹരണത്തിന് അടിയന്തിര യുദ്ധ സാഹചര്യം സംജാതമായാൽ സൈനിക വിന്യാസത്തിനുതകുന്ന തരത്തിൽ വിമാനങ്ങൾ, ഹെലികോപ്ടർ ഇറക്കണമെങ്കിൽ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടുള്ള സുന്ദരമായ ശാസ്ത്രീയ സംവിധാനം. മറ്റ് സുപ്രധാന സന്ദർഭങ്ങളും ഭരണകൂടം മുന്നിൽ കാണുന്നു. മഹാമാരികൾ വന്നാൽ അതിവേഗതയിൽ സുരക്ഷാ സംവിധാനങ്ങൾ വേണ്ടി വരും. കോവിഡ് കാലം എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്നത് പോലെ അമേരിക്കയും മറക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മെഡിക്കൽ സംവിധാനം ഒരുക്കുക എന്ന വിശാല കാഴ്ച്ചപാടും റോഡ് നിർമാണത്തിൽ പ്രതിഫലിക്കുന്നുണ്ട്. റോഡുകൾ കീഴടക്കുന്നത് ട്രക്കുകളാണ്. നാൽപ്പത് ചക്രങ്ങളുള്ള പടുകുറ്റൻ ട്രക്കുകൾ 150 കിലോമിറ്റർ വേഗതയിൽ കുതിക്കുന്നത് കാണാം. ദീർഘദുര ട്രെയിൻ സംവിധാനങ്ങൾ ടെക്സസിൽ കുറവാണ്. യാത്രാ ബസുകളെയും അധികം കാണാനാവില്ല. എല്ലാവർക്കും കാറുകളുണ്ട്. വിട്ടുജോലിക്കാർ വരെ ഹമ്മറിൽ വരുമ്പോൾ അതിൽ അതിശയോക്തിയില്ല.