Culture

ഓണക്കാലത്ത് വിഷമദ്യ ദുരന്തമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

By chandrika

July 09, 2018

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്‍മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്‍ നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്‍ നിന്ന് നടത്തിപ്പുകാര്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അതേസമയം ബിനാമി ഇടപാടുകാര്‍ക്ക് കള്ള് കച്ചവടം നടത്തുന്നതിന് എക്‌സൈസിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ കൊടിപിടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.