തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ ദുരൂഹ മരണത്തില്‍ പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ താനാണ് മര്‍ദ്ദിച്ചതെന്ന് ഷിജിന്‍ പൊലീസിന് മൊഴി നല്‍കി. കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.
കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെയാണ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിച്ചതായും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതായും പ്രതി മൊഴി നല്‍കി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കാന്‍ കാരണമെന്നുമാണ് ഷിജിന്റെ വെളിപ്പെടുത്തല്‍.
കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ നേരത്തെ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ആസൂത്രിതവും പരസ്പരം സംരക്ഷിക്കുന്നതുമായ മറുപടികളാണ് മാതാപിതാക്കള്‍ നല്‍കിയതെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.
ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് എന്നുമാണ് വിവരം. കേസില്‍ തുടര്‍നടപടികള്‍ പൊലീസ് തുടരുകയാണ്.