News

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍; പുതുവത്സരത്തിന് മുന്നോടിയായി സേവനങ്ങളില്‍ തടസ്സം

By webdesk18

December 31, 2025

ദില്ലി: വേതനവര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തിലേക്ക്. സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ആമസോണ്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സും ചേര്‍ന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി, പശ്ചിമ ബംഗാള്‍, തമിഴ്‌നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനുകളും പ്രാദേശിക കൂട്ടായ്മകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന്റെ തലേദിവസം നടക്കുന്ന പണിമുടക്ക് ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇകൊമേഴ്‌സ് മേഖലകളില്‍ ഗണ്യമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ ജോലി കാര്യമായി കുറയ്ക്കുകയോ ചെയ്യുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷ, സ്ഥിരമായ വരുമാനം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ ആവശ്യങ്ങളില്‍ ഉടന്‍ ഇടപെടണമെന്ന് പ്ലാറ്റ്‌ഫോം കമ്പനികളോടും സര്‍ക്കാരിനോടും യൂണിയനുകള്‍ ആവശ്യപ്പെട്ടു