kerala

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: ഒത്തുതീർപ്പിന് പണം വാങ്ങിയ നാല് പൊലീസുകാർ സസ്‌പെൻഷനിൽ

By sreenitha

January 08, 2026

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.

ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ട് പൊലീസുകാർ കൊച്ചിയിലെത്തി കേരള പൊലീസിനോട് സഹായം തേടിയിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിൽ കുറുപ്പുംപടി പൊലീസ് നിർണായക പങ്ക് വഹിച്ചു.

എന്നാൽ, കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളിൽ നിന്ന് ഏകദേശം ആറുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതി. ഈ തുക നാല് ഉദ്യോഗസ്ഥരും തമ്മിൽ വീതിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

പരാതിയെ തുടർന്ന് വിജിലൻസ് കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ശേഖരിച്ചതോടെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസുകാർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്ന സൂചനയും അധികൃതർ നൽകി.