ഇടുക്കി: മൂന്നാറില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് തടസ്സം നേരിട്ടതായി ആരോപണം. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരാണ് രണ്ട് വിദേശ വനിതകളെ കൊണ്ടുപോയ ഓണ്‍ലൈന്‍ ടാക്സിയെ തടഞ്ഞത്. യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഇവിടെ സര്‍വീസ് നടത്താനാകില്ലെന്നുമാണ് അവര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ആന്റണി പെരുമ്പള്ളി മൂന്നാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടു. തുടര്‍ന്ന് വിദേശ വനിതകള്‍ക്ക് യാത്ര തുടരാന്‍ പൊലീസ് സഹായം നല്‍കി. സംഭവത്തില്‍ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.
മൂന്നാറില്‍ ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്. മുമ്പ് മുംബൈ സ്വദേശിനിയായ ജാന്‍വി നേരിട്ട ദുരനുഭവം വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ച ജാന്‍വി, ‘ഇനി കേരളത്തിലേക്ക് വരില്ല’ എന്നായിരുന്നു പറഞ്ഞത്.
ആ സംഭവത്തെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വാഹന പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ, ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് മൂന്നാറില്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമില്ല എന്ന കാര്യം ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നതുമാണ്.