Sports

നാല് ഇന്നിങ്സില്‍ 40 റണ്‍സ് മാത്രം; ഫോം തിരിച്ചുപിടിക്കാനാകാതെ സഞ്ജു

By Akhila

January 29, 2026

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനത്തിന് ശേഷം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. നാല് ഇന്നിങ്സുകളില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്, ഒരു തവണ പോലും 25 റണ്‍സ് കടക്കാന്‍ സാധിച്ചില്ല. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫോം കണ്ടെത്താനാകാത്തത് സഞ്ജുവിന് വലിയ തിരിച്ചടിയാണ്. അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിച്ചതും സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നത്തിന് വെല്ലുവിളിയാകുന്നു.

കഴിഞ്ഞ 15 അന്താരാഷ്ട്ര ടി20 ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. പവര്‍ ഓവറുകളില്‍ നേരത്തെ പുറത്താകുന്നത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗതയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ മുന്‍നിര തകര്‍ന്നതോടെ ഇന്ത്യ 50 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ടായി.

സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാതെ, പക്വതയോടെ ബാറ്റ് ചെയ്ത് പിന്നീട് സ്‌കോറിങ് വേഗത കൂട്ടണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, നാലാം ടി20യില്‍ സഞ്ജു പുറത്തായ രീതി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫൂട്ട്വര്‍ക്കില്ലാതെയും പന്തിന്റെ ചലനം പോലും വിലയിരുത്താതെയുമാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ആറു സെഞ്ച്വറികളും 51 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള സഞ്ജുവിന്റെ മികവ് അന്താരാഷ്ട്ര തലത്തില്‍ സ്ഥിരതയോടെ പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. സഞ്ജുവിന് പകരം ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗായ്ക്വാദ് തുടങ്ങിയവര്‍ അവസരം കാത്തിരിക്കുകയാണ്.

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍, ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. പരിക്ക് മാറി തിലക് വര്‍മ്മ തിരിച്ചെത്തിയാല്‍ ഇഷാനെ ഓപ്പണറാക്കി സഞ്ജുവിനെ പുറത്തിരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവനന്തപുരത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ അവസാന ടി20യാണ് സഞ്ജുവിന് മുന്നിലുള്ള നിര്‍ണായക പരീക്ഷ. ലോകകപ്പിന് മുമ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവിടെ മികച്ച പ്രകടനം അനിവാര്യമാണ്. ശിവം ദുബെ, റിങ്കു സിങ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ഫോം കണ്ടെത്തിയ പരമ്പരയില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ശക്തമായ ബാറ്റിങ് നിരയുള്ള ടീം ഇന്ത്യക്കിടയില്‍, സഞ്ജു സാംസണിന്റെ മങ്ങിയ ഫോമാണ് ഇപ്പോള്‍ ഏക ആശങ്കയായി നിലനില്‍ക്കുന്നത്.