അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിലാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം ഈ മൃതദേഹം സാലെയുടേതാണോ എന്ന സംശയം ബാക്കിയാണ്. വിമാനത്തില്‍ സാലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്ട്സണും യാത്ര ചെയ്തിരുന്നു. തിരിച്ചറിയലിനായി ഇരുവരുടേയും കുടുംബാംഗങ്ങളെ ബന്ധപ്പെടുമെന്ന് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ.

നേരത്തെ സാലെ സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പലതവണ നിര്‍ത്തി വെച്ച തിരച്ചില്‍ പിന്നീട് ഫുട്ബോള്‍ ലോകത്തെ കടുത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു.