world

ഓപണ്‍ എഐ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇലോണ്‍ മസ്‌ക്

By webdesk18

January 17, 2026

ന്യൂയോര്‍ക്ക്: ഓപണ്‍ എഐയും മൈക്രോസോഫ്റ്റും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് പറഞ്ഞ് 134 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇലോണ്‍ മസ്‌ക്. താന്‍ കൂടി ചേര്‍ന്ന് തുടക്കമിട്ട ഓപണ്‍എഐ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുമെന്ന (നോണ്‍ പ്രൊഫിറ്റ്) പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ കേസ്. 2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം.

കലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ഏപ്രില്‍ അവസാനത്തോടെയാണ് മസ്‌ക് നല്‍കിയ നഷ്ടപരിഹാര കേസില്‍ അന്തിമ വിചാരണ നടക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ഓപണ്‍എഐയുടെയും മൈക്രോസോഫ്റ്റിന്റെയും ആവശ്യം കഴിഞ്ഞ ദിവസം ജഡ്ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാര തുക സംബന്ധിച്ച ആവശ്യം മസ്‌കിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 2015ല്‍ ഓപണ്‍ എഐ സ്റ്റാര്‍ട്ടപ്പായി തുടങ്ങുമ്പോള്‍ 38 മില്യണ്‍ യുഎസ് ഡോളര്‍ മസ്‌ക് നല്‍കിയിരുന്നു. ഇന്ന് 500 ബില്യണ്‍ ഡോളറാണ് ഓപണ്‍ എഐയുടെ വിപണിമൂല്യം. ഇതിന് അനുസൃതമായ തുകയ്ക്ക് തനിക്ക് അവകാശമുണ്ടെന്നാണ് മസ്‌കിന്റെ വാദം.