സാന്‍ഫ്രാന്‍സിസ്‌കോ: എ.ഐ അടിസ്ഥാനമാക്കിയുള്ള വിഡിയോ ജനറേറ്റിങ് ആപ്പായ സോറ ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. നവംബര്‍ 4ന് ഓപ്പണ്‍ എ.ഐ പുറത്തിറക്കിയ സോറ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.
സെപ്റ്റംബര്‍ 30ന് ഐ.ഒ.എസ് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ഉപയോക്താക്കളുടെ മികച്ച പ്രതികരണമാണ് ആപ്പിന് ലഭിച്ചത്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ആപ്പ് തുറന്ന് നല്‍കിയിരിക്കുകയാണ് ഓപ്പണ്‍ എ.ഐ.
യു.എസ്, കാനഡ, തായ്‌വാന്‍, തായ്ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിന്റെ ലോഞ്ച് വിവരം മോധാവി ബില്‍ പീബിള്‍സ് എക്‌സിലൂടെയാണ് പുറത്തുവിട്ടത്.
ലോഞ്ച് ചെയ്തതിനു പിന്നാലെ ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍ നേടി സോറ വന്‍ ജനപ്രീതി നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, ഈ വളര്‍ച്ചാ നിരക്ക് ചാറ്റ് ജിപിടിയേക്കാള്‍ വേഗത്തിലാണ് എന്നതാണ്.
സോറയുടെ പ്രത്യേകതകള്‍ ഉപയോക്താക്കള്‍ക്ക് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു വിഡിയോകള്‍ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കാം, മറ്റുള്ളവര്‍ നിര്‍മിച്ച വിഡിയോകള്‍ റീമിക്‌സ് ചെയ്യാനും സാധിക്കും, ഉപയോക്താക്കള്‍ക്ക് ദിവസേന നിര്‍മിക്കാവുന്ന വിഡിയോകളുടെ എണ്ണം പരിമിതമാണ്, ചാറ്റ് ജിപിടി പ്രോ സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 വിഡിയോകള്‍ മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ.
ഓപ്പണ്‍ എ.ഐയുടെ സോഷ്യല്‍ വിഡിയോ ആപ്പ് എന്ന നിലയില്‍ സോറക്ക് വേഗത്തില്‍ പ്രചാരം ലഭിക്കുന്നതായും, ഭാവിയില്‍ കാമിയോ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള പ്രധാന അപ്ഡേറ്റുകള്‍ അവതരിപ്പിക്കാനുണ്ടെന്നും കമ്പനി അറിയിച്ചു.