kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ 181 പേരെ അറസ്റ്റ് ചെയ്തു

By webdesk17

April 07, 2025

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2180 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ഇന്നലെ 181 പേരെയാണ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ (0.112 കിലോഗ്രാം), കഞ്ചാവ് (.488 കിലോഗ്രാം), കഞ്ചാവ് ബീഡി (125 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.