kerala

ഓപറേഷന്‍ തൂഫാന്‍: ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍

By webdesk17

June 03, 2026

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സര്‍ക്കാരിന്റെ ‘ഓപറേഷന്‍ തൂഫാന്‍’ ശക്തമാകുന്നു. റെയ്ഡിന്റെ ആദ്യ ദിനം തന്നെ 137 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 104 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിപണിയില്‍ ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം എം.ഡി.എം.എ റെയ്ഡില്‍ പിടിച്ചെടുത്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ അളവില്‍ ലഹരിമരുന്ന് പിടികൂടിയത്.

എംഡിഎംഎ കേരളത്തില്‍ എത്തുന്നത് കര്‍ണാടകയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമാണെന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കാന്‍ അയല്‍ സംസ്ഥാനങ്ങളിലെ പോലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും, മുന്‍കാലങ്ങളില്‍ പ്രധാന കണ്ണികളെ പിടികൂടാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇത്തവണ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ഡി.ജി.പി വ്യക്തമാക്കി.

കാക്കനാട് കൊല്ലംകുടിമുകള്‍ അള്‍ട്ടിമ ഫ്‌ലാറ്റില്‍ 437 ഗ്രാം എംഡിഎംഎയുമായി മൂന്നു പേരാണ് പിടിയിലായത്. പ്രതികളായ കളമശ്ശേരി സ്വദേശി ആഷിഫ് (36) , പാലക്കാട് അര്‍ജുന്‍ (30) കാസര്‍കോഡ് സ്വദേശി രതീഷ് (33) എന്നിവരുമായി ഫ്‌ലാറ്റില്‍ ഡാന്‍സാഫ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തി.

14 ലക്ഷം രൂപയുടെ എംഡിഎംഎ ആണ് പിടികൂടിയത്. കൂടാതെ പ്രതിയുടെ ഫ്‌ലാറ്റില്‍ നിന്നും ഒരു ലക്ഷം രൂപയും കണ്ടെടുത്തു. അകൗണ്ടില്‍ വന്ന തുകകള്‍ ഡാന്‍സാഫ് പരിശോധിക്കുന്നു.