Connect with us

india

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം

ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍. ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്, കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എന്നിവരാണ് ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയത്. ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാറുമായി അജിത് പവാര്‍ വീണ്ടും അടുക്കുന്നതില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അവസാന നിമിഷം വിമാനത്തിലെ പൈലറ്റിനെ മാറ്റിയതും വിമാനത്തിന് കൃത്യമായ മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതും അന്വേഷിക്കണമെും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ (66) മരിക്കുന്നത്. 2026 ജനുവരി 28-ന് രാവിലെ പൂണെയിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു.

അതേസമയം കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും മൂലം ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. നിലവില്‍ മഹാരാഷ്ട്ര സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.

 

india

‘സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യം’; രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ദീപക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ഉത്തരാഖണ്ഡ് സ്വദേശിയായ ദീപക് ഇന്ത്യയുടെ ഹീറോയാണ്. ബിജെപിയും സംഘപരിവാറും ദിനംപ്രതി ചവിട്ടിമെതിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി ദീപക് പോരാടുകയാണ്. വെറുപ്പിന്റെ വിപണിയിലെ സ്‌നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് ദീപക്. ഇതാണ് അവരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. ഇന്ത്യ വിഭജിക്കപ്പെട്ട നിലയില്‍ തുടരാനും ഭയം നിറച്ച് ചിലര്‍ക്കുമാത്രം ഭരണത്തില്‍ തുടരാനും സംഘപരിവാര്‍ മനഃപൂര്‍വം രാജ്യമെമ്പാടും സാമ്പത്തികവും സാമൂഹികവുമായ വിഷം പരത്തുകയാണ്. പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പരസ്യമായി പിന്തുണയ്ക്കുന്നു. വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തില്‍ ഒരു രാജ്യത്തിനും പുരോഗമിക്കാന്‍ കഴിയില്ല. സമാധാനമില്ലെങ്കില്‍ വികസനം വെറും മുദ്രാവാക്യം മാത്രമാണ്. തലകുനിക്കാത്ത, ഭയപ്പെടാത്ത, ഭരണഘടനയ്‌ക്കൊപ്പം ശക്തമായി നിലകൊളളുന്ന കൂടുതല്‍ ദീപക്കുമാരെ നമുക്കാവശ്യമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് സഹോദരാ, ഭയപ്പെടേണ്ട. താങ്കള്‍ ഒരു സിംഹമാണ്’: രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജനുവരി 26-നാണ് ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ എഴുപതുകാരനായ വകീല്‍ അഹമ്മദ് എന്ന കച്ചവടക്കാരന്റെ ബാബ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിംഗ് സെന്റര്‍ എന്ന കടയുടെ പേരിലെ ബാബ എന്ന വാക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്. ഒരുകൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കടയിലെത്തി അഹമ്മദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു.

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ രണ്ടാംകിട പൗരന്മാരാണോ എന്നും മുപ്പത് വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോട് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്‌നം എന്നുകൂടി ദീപക് ചോദിച്ചു. ദീപക്കിനെ പിന്തുണച്ച് സമീപത്തുളള യുവാക്കള്‍ കൂടി രംഗത്തെത്തിയതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

Continue Reading

india

‘അറ്റകൈ പ്രയോഗത്തിന്’ മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം’; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

Published

on

ബംഗളൂരു: ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.

മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.

വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.

പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Continue Reading

india

കേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

Published

on

എല്ലാവരുടെയും ക്ഷേമം എന്ന പ്രയോഗം പതിവുപോലെ അടിക്കടി പരാമര്‍ശിക്കപ്പെടുന്ന ബജറ്റ് ആ തത്ത്വത്തെ നിരാകരിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും കേരളത്തോട് കാട്ടിയ അവഗണന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഫെഡറലിസത്തോടുള്ള അനാഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ പരിഗണിക്കാവുന്ന വിവിധ മേഖലകളിലൂടെയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കടന്നുപോയി. എന്നാല്‍ ആ മേഖലകളിലൊന്നും കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. അതിവേഗ റെയില്‍വേയില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. നാളികേര സംബന്ധിയായ ക്ഷേമ പദ്ധതികള്‍ പരാമര്‍ശിച്ചപ്പോള്‍ കൂടുതല്‍ ഉല്‍പാദനമുള്ള സംസ്ഥാനങ്ങള്‍ എന്ന് പൊതുവെ പറയുകയല്ലാതെ അതിലും കേരളത്തിന്റെ പേര് വന്നില്ല. ആയുര്‍വ്വേദത്തിന്റെ വികസനത്തിനായി എടുക്കാന്‍ പോകുന്ന പദ്ധതികള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളത്തെപ്പറ്റി ഒരു പരാമര്‍ശവും കേട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളികളടക്കമുള്ള പ്രവാസികള്‍ക്കും ക്ഷേമ പദ്ധതികളൊന്നുമില്ല. എയിംസിന്റെയും വിഴിഞ്ഞത്തിന്റെയും കാര്യത്തിലും കേരളം പരിഗണിക്കപ്പെട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാചാലമാകാറുള്ളത്. ബജറ്റിലും അത്തരം അവകാശവാദങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, മറ്റു പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന സമീപനവും രാജ്യത്തെ സകല സംസ്ഥാനങ്ങളെയും കൂടെക്കൂട്ടി എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന മനോഭാവവും പുലര്‍ത്താന്‍ കഴിയാതെ പോയത് ബജറ്റിന്റെ വലിയൊരു പോരായ്മയായിത്തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Trending