തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയപ്പോഴുണ്ടായ വ്യാപകമായ ആശയക്കുഴപ്പം കണക്കിലെടുത്ത് ആറു മാസത്തേക്ക് അത് മരവിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്. വില കുറയേണ്ട സാധനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ചു. ഹോട്ടലുകളില്‍ നിലവിലുണ്ടായിരുന്ന വിലക്ക് പുറമെ ജി.എസ്.ടിയും ചുമത്തുകയാണെന്ന് പരാതിയുണ്ട്. ഇത് വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിനും കാരണമായി. കോഴിയിറച്ചിക്കും പച്ചക്കറിക്കും ധാന്യപ്പൊടിക്കും ജി.എസ്.ടി അനുസരിച്ച് നികുതി ഇല്ലെങ്കിലും തങ്ങള്‍ക്ക് വില കുറച്ച് അത് കിട്ടുന്നില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി.
വ്യാപാര സ്ഥാപനങ്ങളിലാകട്ടെ നേരത്തെ എടുത്ത് വച്ചിരിക്കുന്ന സ്റ്റോക്കിന്മേല്‍ എന്തു ചെയ്യണമെന്നും വ്യക്തമല്ല. പലേടത്തും എം.ആര്‍.പിക്ക് പുറമെ ജി.എസ്.ടി ചുമത്തുന്നതായും പരാതിയുണ്ട്. വ്യാപാരികള്‍ക്ക് കാര്യമായ ബോധവല്‍ക്കരണം നടത്തിയ ശേഷമല്ല ജി.എസ്.ടി നടപ്പാക്കിയത്. ഈ സാഹചര്യത്തില്‍ അവ്യക്തത നീങ്ങുന്നത് വരെയുള്ള സാവകാശം ലഭിക്കാന്‍ ജി.എസ്.ടി നടപ്പാക്കുന്നത് ആറുമാസത്തേക്ക് മരവിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.