kerala

‘അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവ്’; അയോഗ്യത കേസില്‍ കെ എം ഷാജിയ്ക്ക് അനുകൂല വിധി

By Akhila

January 29, 2026

അയോഗ്യത കേസില്‍ കെ എം ഷാജിയ്ക്ക് അനുകൂല വിധി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കെ.എം. ഷാജിക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2016-ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നായിരുന്നു കെ.എം ഷാജിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ കേസിലെ പ്രധാനാരോപണം. തുടര്‍ന്ന് ഹൈക്കോടതി കേസില്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (അ) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും, ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി