Connect with us

kerala

നാലാം ശനി അവധിയാക്കുന്നതിനെതിരെ സംഘടനകള്‍; ആശ്രിത നിയമനത്തിലും എതിര്‍പ്പ്

യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍. ആശ്രിത നിയമനത്തില്‍ പരിഷ്‌കാരം കൊണ്ടുവരാനുള്ള ശ്രമത്തെയും എതിര്‍ത്തു. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍വീസ് സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. ആശ്രിത നിയമനത്തില്‍ നിലവിലെ രീതി തുടരണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള നിര്‍ദേശവും സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കുകയാണെങ്കില്‍ വര്‍ഷം 12 അവധി ദിനങ്ങള്‍ അധികം ലഭിക്കും. ഇതിന് പകരമായി കാഷ്വല്‍ ലീവുകളുടെ എണ്ണം ചുരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ആശ്രിത നിയമനം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണപക്ഷ അനുകൂല സംഘടനകള്‍ അടക്കമുള്ള സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി. ആശ്രിത നിയമനത്തില്‍ നിലവിലെ രീതി തുടരണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം.

അവധി ദിനത്തെ കുറിച്ചും വിയോജിപ്പുണ്ട്. അവധി 20ല്‍ നിന്ന് 15 ആക്കി കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിന് പുറമേ അവധിക്ക് പകരമായി പ്രവൃത്തിസമയം രാവിലെയും വൈകീട്ട് 15 മിനിറ്റ് വീതം കൂട്ടണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ഇതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍വീസ് സംഘടനകള്‍ പറഞ്ഞു. ഇതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

kerala

റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

on

മലപ്പുറം: കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മേയ് 25ന് മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

നാളെയും മറ്റന്നാളും മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തിയതോടെ മഴയുടെ ശക്തി വര്‍ധിച്ചിരിക്കുകയാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളിലും റെഡ് അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

മേയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മേയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മേയ് 28: കണ്ണൂര്‍, കാസര്‍കോട്

Continue Reading

kerala

കപ്പല്‍ അപകടം; 20 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

Published

on

കൊച്ചിയില്‍ കപ്പല്‍ അപകടത്തില്‍ പെട്ടുണ്ടായ സംഭവത്തില്‍ 20 ജീവനക്കാരെ രക്ഷപ്പെടുത്തി. നാലു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എല്‍സ3 ആണ് അപകടത്തില്‍പ്പെട്ടത്. 9 പേര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു.

അപകടത്തില്‍ 8 കാര്‍ഗോകളാണ് അറബിക്കടലില്‍ വീണത്. കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലും നേവിയുടെ ഒരു കപ്പലും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നേവിയുടെ ഒരു ഡോര്‍ണിയര്‍ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മറൈന്‍ ഗ്യാസ് അടക്കം കടലില്‍ വീണതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. കേരള തീരത്ത് കാര്‍ഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇതിനടുത്തേക്ക് പോകരുതെന്നും സ്പര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഉച്ചയ്ക്ക ഒന്നരയോടെ കൊച്ചിയില്‍ നിന്നും 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ എംഎസ് സി കമ്പനി അധികൃതര്‍ ഇന്ത്യയുടെ സഹായം തേടി.

തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.

Continue Reading

kerala

അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോകള്‍ വീണു; മുന്നറിയിപ്പ്

ഈ വസ്തുക്കള്‍ തീരത്തേക്ക് അടിയാന്‍ സാധ്യതയുണ്ടെന്നും ആരും അടുത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

Published

on

കേരള തീരത്ത് അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോ കടലില്‍വീണതായി റിപ്പോര്‍ട്ട്. ഈ വസ്തുക്കള്‍ തീരത്തേക്ക് അടിയാന്‍ സാധ്യതയുണ്ടെന്നും ആരും അടുത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

ഓയില്‍ കാര്‍ഗോ മെയിന്റനന്‍സ് നടത്തുന്ന കപ്പലില്‍ നിന്നാണ് കാര്‍ഗോ കടലില്‍ വീണത്. മറൈന്‍ ഗ്യാസ് ഓയില്‍, വിഎല്‍എസ്എഫ്ഒ ഈ വസ്തുക്കളാണ് കടലില്‍ വീണത്. ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഈ എണ്ണകള്‍ എന്നതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.

കോസ്റ്റ് ഗാര്‍ഡില്‍ നിന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ആറ് മുതല്‍ എട്ട് കാര്‍ഗോകള്‍ കടലിലേക്ക് വീണു എന്നാണ് അറിയുന്നത്.

Continue Reading

Trending